/kalakaumudi/media/post_banners/05996772df3ef8461e566d002ef56a94f90a45a64934def1f29e98df8645d549.jpg)
ഠോ…..ഠോ..... ചെവിപൊട്ടുന്ന ശബ്ദത്തോടുകൂടിയെ പാലക്കാട്ടുകാർ വിഷുവിനെ വരവേൽക്കുകയൊള്ളു ...വിഷുവിന് കണികാണുന്നതിനേക്കാൾ പ്രധാനം പടക്കം, പൂത്തിരിയും ,മേശപ്പൂവും, തലചക്രവുമൊക്കെയാണ്......... തെക്കര്‍ക്ക് ദീപാവലി പോലെയാണ് പാലക്കാട്ടുക്കാർക്ക് വിഷു ആഘോഷം.നാലഞ്ച് ദിവസം മുന്നേ അങ്ങിങ്ങായി ഒറ്റയ്ക്കു കൂട്ടായും ഓലപ്പടക്കങ്ങളും മാലപ്പടക്കങ്ങളും വിഷുവിന്റെ വരവറിയിച്ചു തുടങ്ങും. തലമൂത്തവരാരെങ്കിലും അനുമതി തരുന്നതുവരെ പടക്കം സ്വപ്നം കണ്ട് നടക്കുന്ന കുഞ്ഞു കുട്ടികൾ.
സൈക്കിളിനു പിന്നില്‍ വലിയ ചൂരല്‍കൊട്ടയില്‍ ഓലപ്പടക്കവും കമ്പിത്തിരിയും മത്താപ്പും ചക്രവും കുരവപ്പൂവും പാളിപ്പടക്കവും(മാലപ്പടക്കം) പാമ്പ് ഗുളികയും നിലാത്തിരിയും ഒക്കെ കൊണ്ട് ചെറുകിടകച്ചവടക്കാര്‍ ഇടവഴികളിലൂടെ നാട് ചുറ്റും.. വിഷു അടുക്കുമ്പോള്‍ പുറം തൊഴില്‍ മാറ്റി വച്ച് പടക്കം മൊത്തമായി വാങ്ങി കച്ചവടത്തിനിറങ്ങുന്നവരാണ് പാലക്കാട്ടിൽ കൂടുതൽ.വിഷുവിന് പടക്കം കത്തിക്കണമെന്നുണ്ടെങ്കില്‍ മൂന്ന് നാല് ദിവസം മുന്നേ ശേഖരിച്ചു വയ്ക്കേണ്ടുന്ന മറ്റൊന്നുണ്ട് “ചക്കത്തിരികള്‍” . പ്ലാവില്‍ ചക്ക പൊടിച്ചാല്‍ എല്ലാം മുഴുത്ത് പഴുക്കാറില്ലല്ലോ അങ്ങനെ അകാലത്തില്‍ ചരമമടയുന്ന നീണ്ട് മെലിഞ്ഞ ചക്കക്കുഞ്ഞുങ്ങളാണ് ചക്കത്തിരികള്‍. ഏതാണ്ട് നിലവിളക്കിലിടാന്‍ തെറുത്തെടുത്ത തിരികള്‍ മാതിരി ഇരിക്കും ഇത്.. നിറം പച്ചയും ബ്രൌണും കലര്‍ന്ന കറുപ്പാണെന്നു മാത്രം. നന്നായി ഉണങ്ങിയതാണെങ്കില്‍ ഒന്ന കത്തിച്ചു കൊടുത്താല്‍ ചന്ദനത്തിരിപോലെ ഏറെ നേരം നിന്നു കത്തിക്കൊള്ളും . ഇതില്‍ നിന്നാണ് ഓല പടക്കവും പാളിപ്പടക്കവും ഒക്കെ കത്തിച്ച് എറിയുക.
ഒറ്റത്തിരിയില്‍ നിന്നും കൂട്ടമായികത്തിക്കുമ്പോള്‍ ഒരുപാട് രസങ്ങളും അതിലേറെ അപകടങ്ങളും ഉണ്ടാവാറുണ്ട്. രണ്ട് പേര്‍ ഓലപ്പടക്കം കത്തിക്കുന്നുവെന്നുകരുതുക .. കത്തിയത് എറിയാതിരിക്കുക എറിഞ്ഞത് കത്താതിരിക്കുക കയ്യിലിരുന്നു പൊട്ടുക തുടങ്ങിയ കലാപരിപാടികള്‍ പ്രതീക്ഷിക്കാം.ഏപ്രില്‍ പതിമൂന്നിന് രാത്രി പാലക്കാട്ടുക്കാർക്ക് ഒന്നല്ല ഒന്‍പത് കണി കാണാനുള്ള അവസരം ഉണ്ടായേക്കും. വീടുകളില്‍ ഒരുക്കുന്ന കണിയല്ല.. കണികാണും നേരം കമല നേത്രന്റെ എന്ന പാട്ടും പാടി വീടു വീടാന്തരം കയറി ഇറങ്ങി കണികാണിക്കുക എന്നത് മഹാ മനസ്കതയാണെന്ന് കരുതരുത്..കണി കണ്ടാല്‍ കൈനീട്ടം കൊടുക്കണമെന്നാണ്.. ഈ കൈനീട്ടം കൊണ്ട് പൊടിപൊടിക്കാനുള്ള ആവേശമാണ് ഉറക്കം നിന്ന് നാടു നീളെ അലയാനുള്ള ഊര്‍ജ്ജം......അവധിക്കാലവും കൈനീട്ടവും തമ്മില്‍ വല്ലാത്തൊരു ചേര്‍ച്ചയുണ്ട്..പടക്കവും പുത്തിരിയും കണിയും സദ്യയുമായി പാലക്കാടിന്റെ ഓർമച്ചെപ്പിൽ ഒരു നല്ല വിഷു കൂടി ...........
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
