/kalakaumudi/media/post_banners/7d8d55d81f5c5476d51936385202dcf44498a245ac6ba384ece1a21d4979ba19.jpg)
ജി.എല്‍. അനില്‍ നാഥ്
പൂവാര്‍: ഇന്ന് ചിങ്ങം പുലരുന്നു. കള്ളക്കടകത്തെ ആട്ടിയിറക്കി നന്‍മയുടെയും ഐശ്വര്യത്തിന്റെയും പൊന്‍പുലരിയെ വരവേല്‍ക്കാന്‍ മലയാളികളൊരുങ്ങി.
മലയാളവര്‍ഷാരംഭ ദിനവും ആവണി പ്പിറവിയുമായ ഇന്നു മുതല്‍ ശ്രീനാരായണീയര്‍ ,ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യ യജ്ഞമെന്ന ആചാര- ആഘോഷങ്ങള്‍ക്കും തുടക്കമിടുന്നു.
ശ്രീകൃഷ്ണന്‍ , ശ്രീ നാരായണ ഗുരു,ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി , ബഹ്മശ്രീ ശിവയോഗി തുടങ്ങിയവരുടെ ജനനം കൊണ്ട് പവിത്രമായ ചിങ്ങമാസം ഹൈന്ദവ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രാര്‍ത്ഥനാനിര്‍ഭരരാകണമെന്നാണ് ശിവഗിരി മഠത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നത്.
ചിങ്ങമാസത്തിന്റെ വരവറിയിച്ചു കൊണ്ട് തെക്കന്‍ കേരളത്തിലെ തീരദേശ ഗ്രാമങ്ങളില്‍ ദേവ സ്തുതി പാടിയിറങ്ങിയിരുന്ന കോടാങ്കി മാരിലെ അവസാന കണ്ണികളായ രാമനും , കൃഷ്ണപ്പൊതുവാളും രണ്ടു വര്‍ഷം മുമ്പ് കൊറോണയ്ക്ക് കീഴടങ്ങിയതോടെ ചിങ്ങനിലാവില്‍ മദ്ദളമേളത്തിന്റെ നിറവിലെത്തിയ ദേവരാഗ സ്തുതിയും നിലച്ചു.
തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തില്‍ നിന്ന് വന്ന് തെക്കന്‍ കേരളത്തിലെ കരംകുളം എന്ന തീരദേശ ഗ്രാമത്തില്‍ കൂടിയേറിയ ഏഴംഗ കോടാങ്കി മാര്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ആവണി പ്പിറവിയറിയിച്ചു കൊണ്ട് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
മദ്ദളത്തിന്റെ ശബ്ദം കേള്‍ക്കുന്ന വീട്ടുകാര്‍ നിലവിളക്ക് തെളിയിച്ച് താലത്തില്‍ അരിയും നാളികേരവും കസവു കവണിയും ദക്ഷിണയും നല്‍കി കോടാങ്കി മാരെ വരവേറ്റിരുന്നു.
ഉടുക്കിന്റെ അകമ്പടിത്താളത്തിന് കാതോര്‍ത്തിരുന്ന പുരാതന കാലത്തെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. സമഭാവനയോടെ ഐശ്വര്യ പൂര്‍ണ്ണവും സമ്പല്‍ സമൃദ്ധവുമായ ഒരു ജീവിതം ശരാശരി മലയാളിയ്ക്ക് പോലും ഉണ്ടായിരുന്നുവെന്ന ഗതകാലസ്മരണകള്‍ അയവിറക്കി സമ്പല്‍ സമൃദ്ധമല്ലെങ്കിലും സമൃദ്ധിയോടെ, അത്തപ്പൂക്കളങ്ങളും അത്തച്ചമയങ്ങളുമൊരുക്കാനുള്ള തത്രപ്പാടിലാണ് മലയാളികള്‍.
ചിങ്ങം പുലരുന്നതോടെ പ്രകൃതി തന്നെ പുളകമണിയുന്ന കാഴ്ച്ച എവിടെയുമുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓണമെന്ന ആഘോഷം വര്‍ണ്ണപ്പൊലിമയോടെ ഒരു ഉല്‍സവമായി തന്നെ നിലനില്‍ക്കുന്നുവെന്നത് അഭിമാനാര്‍ഹമായി തന്നെ ചൂണ്ടികാണിക്കപ്പെടുന്നു.