/kalakaumudi/media/post_banners/a204afd1af2ce84cc574a750dda8537441746bca59f0d6a7a6b1623b1816b421.jpg)
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാല് വാണിജ്യ ബാങ്കുകളുടെയും സ്വര്‍ണപ്പണയ വായ്പകളില്‍ വന്‍ കുതിപ്പ്. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി. ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ 2022 ജൂലായ്-സെപ്റ്റംബര്‍ മാസത്തില്‍ 42,299 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പകളാണ് വിതരണം ചെയ്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന മാസത്തില്‍ 32,625 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ് വിതരണം ചെയ്തത്. കേരള ബാങ്കുകളുടെ സ്വര്‍ണ പണയത്തിലുണ്ടായ വാര്‍ഷിക വര്‍ധന 23 ശതമാനമാണ്.
പെട്ടന്ന് ലഭിക്കുന്ന ബുദ്ധിമുട്ട് കുറഞ്ഞ വായ്പാ മാര്‍ഗമെന്ന രീതിയില്‍ സ്വര്‍ണപ്പണയത്തെയാണ് സാധാരണക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത്. അതിനാല്‍ സ്വര്‍ണ വായ്പാ വിഭാഗത്തിനാണ് കേരള ബാങ്കുകള്‍ ഉള്‍പ്പടെ മിക്ക ബാങ്കുകളും റീട്ടെയ്ല്‍ വിഭാഗത്തില്‍ മുന്‍ഗണന നല്‍കുന്നത്.
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ബി. ബാങ്ക് ആണ് സെപ്റ്റംബറില്‍ സ്വര്‍ണപ്പണയത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്.47.17 ശതമാനം വളര്‍ച്ചയാണ് സി.എസ്.ബി. രേഖപ്പെടുത്തിയത്.
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് 36.3 ശതമാനം വളര്‍ച്ചയുമായി രണ്ടാം സ്ഥാനത്താണ്. 20.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ആണ് മൂന്നാം സ്ഥാനത്ത്.
തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ സ്വര്‍ണ വായ്പയില്‍ ഇക്കാലയളവില്‍ 19.31 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.ഏറ്റവും കൂടുതല്‍ വായ്പ വിതരണം ചെയ്തത് ഫെഡറല്‍ ബാങ്ക് ആണ് - 19,299 കോടി രൂപ.