കൗമാരക്കാരിലെ ക്രമംതെറ്റിയ മാസമുറ; ആശങ്ക വേണോ?

പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ 10 നും 15 വയസ്സിനും ഇടയ്ക്കാണ്. 10 വയസ്സിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസ്സിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസ്സിനു മുമ്പ് ആര്‍ത്തവം വരുന്നതായി കാണുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറുപ്രായത്തില്‍ തന്നെ അമിത ശരീരഭാരം ഉണ്ടാകുന്നു. ശരീരപുഷ്ടി വളരെ കൂടുതലായാല്‍ ആര്‍ത്തവം നേരത്തേ വരാം, എന്നിരുന്നാലും 10 വയസ്സിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്. 15 വയസ്സിനു ശേഷവും മാസമുറ വന്നില്ലെങ്കിലും അതുപോലെത്തന്നെ ശ്രദ്ധിക്കണം.

author-image
Web Desk
New Update
കൗമാരക്കാരിലെ ക്രമംതെറ്റിയ മാസമുറ; ആശങ്ക വേണോ?

ഡോ. ലക്ഷ്മി അമ്മാള്‍

കണ്‍സള്‍ട്ടന്റ്

ഗൈനക്കോളജിസ്റ്റ്

എസ്.യു.ടി. ആശുപത്രി

പട്ടം, തിരുവനന്തപുരം

 

പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ 10 നും 15 വയസ്സിനും ഇടയ്ക്കാണ്. 10 വയസ്സിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസ്സിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസ്സിനു മുമ്പ് ആര്‍ത്തവം വരുന്നതായി കാണുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറുപ്രായത്തില്‍ തന്നെ അമിത ശരീരഭാരം ഉണ്ടാകുന്നു. ശരീരപുഷ്ടി വളരെ കൂടുതലായാല്‍ ആര്‍ത്തവം നേരത്തേ വരാം, എന്നിരുന്നാലും 10 വയസ്സിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്. 15 വയസ്സിനു ശേഷവും മാസമുറ വന്നില്ലെങ്കിലും അതുപോലെത്തന്നെ ശ്രദ്ധിക്കണം.

തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റിയൂട്ടറി എന്നീ ഗ്രന്ഥികളും, അണ്ഡാശയം, ഗര്‍ഭാശയം തുടങ്ങിയ പ്രത്യുല്‍പാദന അവയവങ്ങളും ഏകോപിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് മാസമുറ വരുന്നത്. അതിനാല്‍, കൗമാരത്തില്‍, ആര്‍ത്തവം തുടങ്ങുന്ന സമയത്ത് കുറച്ച്് അപാകതകള്‍ കാണാറുണ്ട്.

ശരിയായ ആര്‍ത്തവക്രമം

സാധാരണ മാസമുറ വരുന്നത് കൃത്യമായ ദിവസങ്ങളിലാണ്. പലര്‍ക്കും ഇത് രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ പോയെന്നു വരാം. അങ്ങനെ നോക്കുകയാണെങ്കില്‍ 28 ദിവസം തുടങ്ങി 32 ദിവസത്തിനകം മാസമുറ വന്നിരിക്കണം. ശാസ്്ത്രീയമായി പറഞ്ഞാല്‍ 24 തുടങ്ങി 38 ദിവസത്തിനകം കൃത്യമായി വരുന്ന മാസമുറയെ സാധാരണ ആര്‍ത്തവക്രമത്തില്‍്െപ്പടുത്താം. രക്തസ്രാവം 5 ദിവസം തുടങ്ങി 8 ദിവസം വരെ നീണ്ടുനില്‍ക്കാം. അതില്‍ 5 ദിവസം കഴിഞ്ഞ് രക്തസ്രാവം വളരെ കുറയുന്നതായിട്ടാണ് കാണുന്നത്. ഒരു ദിവസം 3 പാഡ് വരെ സാധാരണ ഗതിയില്‍ ഉപയോഗിക്കാം. കട്ട കട്ടയായി പോകുന്നത് ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവത്തെയാണ് കാണിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ അടിവയറിലും നടുവിനും കാലിലും വേദന അനുഭവപ്പെടുന്നത് സാധാരണമാണ്.

ആര്‍ത്തവചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഏകോപിത പ്രവര്‍ത്തനം അത്യാവശ്യമാണ്. തലച്ചോറിലെ ഹൈപ്പോതലാമസ് പിറ്റിയൂട്ടറി ഗ്രന്ഥി, അണ്ഡാശയം, ഗര്‍ഭപാത്രം, ഇവയെല്ലാം കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആര്‍ത്തവചക്രം തുടങ്ങുകയുള്ളു. അങ്ങനെ ഒരു പെണ്‍കുട്ടിക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാല്‍ അത് മുന്നോട്ടു കൊണ്ടു പോകുന്നതിനും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണം.

ഒരു മാസം മാസമുറ വന്നാലും ചിലപ്പോള്‍ മാസങ്ങളോളം മാസമുറ കണ്ടു എന്നു വരില്ല. മാസമുറ 45-60 ദിവസം വരെ വൈകി ആയിരിക്കും വരുന്നത്. ഇത്തരത്തില്‍ വൈകി വരുമ്പോഴുണ്ടാകുന്ന രക്തസ്രാവം ചിലപ്പോള്‍ വളരെ കൂടുതല്‍ ആയിരിക്കാം, അല്ലെങ്കില്‍ സാധാരണ ഗതിയിലോ താരതമ്യേന കുറവോ ആയിരിക്കാം. ക്രമംതെറ്റി വരുന്ന മാസമുറയില്‍ രക്തസ്രാവം കൂടുതലല്ലെങ്കില്‍ അതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പക്ഷേ ചില പെണ്‍കുട്ടികള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം രക്തസ്രാവം ഉണ്ടായെന്നിരിക്കാം. അങ്ങനെ വരികയാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച്ച വരാന്‍ സാധ്യതയുണ്ട്. വളരുന്ന കുട്ടികളില്‍ വിളര്‍ച്ച വന്നാല്‍ പലവിധ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പഠിത്തത്തില്‍ ഉല്‍സാഹമില്ലായ്മ, എപ്പോഴും ഉറങ്ങണം എന്ന തോന്നല്‍, ദേഷ്യം വരിക, ചില ആഹാര സാധനങ്ങളോട് അമിതമായ ഇഷ്ടം കാണിക്കുക, ഓടുമ്പോഴോ പടി കയറുമ്പോഴോ പെട്ടെന്ന് കിതയ്ക്കുക, ശ്വാസംമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതൊക്കെ കണ്ടാലും ചിലപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇവ വിളര്‍ച്ചയുടെ ലക്ഷണങ്ങളാണെന്ന് മനസ്സിലായെന്ന് വരില്ല.

ഇത്തരം അവസ്ഥയില്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം. അമിത രക്തസ്രാവം തടയാനും വിളര്‍ച്ച മാറ്റുവാനുമുള്ള മരുന്നുകള്‍ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കും. മാത്രമല്ല, വളരെ വിരളമായി വരുന്ന അണ്ഡാശയത്തിലെ ചില മുഴകളോ അല്ലെങ്കില്‍ ഗര്‍ഭാശയത്തിനു അകത്തു വരുന്ന ചില കുഴപ്പങ്ങളോ കണ്ടുപിടിക്കാന്‍ സ്‌കാന്‍ ചെയ്യുകയും വിളര്‍ച്ച എത്രത്തോളം ഉണ്ടെന്ന് കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകള്‍ ചെയ്യുവാനും ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കും.

ആര്‍ത്തവചക്രം തുടങ്ങി ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ഉണ്ടാകുന്ന മേല്‍പ്പറഞ്ഞ ആര്‍ത്തവക്രമക്കേടുകള്‍ ശാരീരിക വളര്‍ച്ചയുടെ ഭാഗമായി വരുന്നതാണ്. അതുകൊണ്ട് മാതാപിതാക്കളോ കുട്ടികളോ വ്യാകുലപ്പെടേണ്ടതില്ല. രക്തസ്രാവം കൂടുതലാണെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.

ആര്‍ത്തവ സമയത്ത് കൗമാരക്കാരില്‍ കാണുന്ന മറ്റൊരു പ്രശ്‌നം വയറുവേദനയാണ്. ഈ വയറുവേദന മാസമുറ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് തുടങ്ങുകയും ആദ്യത്തെ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. വേദനയുടെ കാഠിന്യം പല കുട്ടികളിലും വ്യത്യസ്തമാണ്. എങ്കിലും ഭൂരിഭാഗം പേര്‍ക്കും മരുന്നുകള്‍ കഴിക്കാതെ തന്നെ വയറുവേദന മാറുന്നതായിട്ടാണ് കാണുന്നത്. വയറിനോ നടുവിനോ ചൂടു കൊടുക്കുകയും വയര്‍ അമര്‍ത്തി പിടിച്ച് കമഴ്ന്ന് കിടക്കുകയും ഒക്കെ ചെയ്യുന്നതു വഴി കുട്ടികള്‍ തന്നെ ഇതിനൊരു പരിഹാര മാര്‍ഗ്ഗം കണ്ടുപിടിക്കാറാണ് പതിവ്. വളരെ ചെറിയ ശതമാനം കുട്ടികളില്‍ വയറുവേദന കഠിനമാകുന്നതായും കണ്ടുവരുന്നു. വളരെ കഠിനമായ വയറുവേദന, കാലുവേദന, നടുവേദന ചിലപ്പോള്‍ ഇതിനൊപ്പം തലകറക്കവും ഛര്‍ദ്ദിയും കണ്ടുവരുന്നു. മാസമുറ സമയത്ത് വയറുവേദന അതിതീവ്രമാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. തുടര്‍ന്നുള്ള മാസമുറയില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങുമ്പോള്‍ തന്നെ കഴിക്കാനുള്ള വേദനസംഹാരികള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും.

ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിച്ചാല്‍ പോലും അത് കഴിക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് വിയോജിപ്പ് കണ്ടു വരുന്നുണ്ട്. ഇത്തരം മരുന്നുകള്‍ ഭാവിയില്‍ കുട്ടികളുടെ പ്രത്യുല്‍പാദനശേഷിയെ പ്രതികൂലമായി ബാധിക്കും എന്ന മിഥ്യാധാരണ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ തെറ്റിധാരണ അവര്‍ വളര്‍ന്നു വരുന്ന പുതുതലമുറയിലേയ്ക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ സാധിക്കാതെ വേദനയും സഹിച്ച് വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ് കാണുന്നത്. അതിന്റെ ആവശ്യമില്ല. മാസമുറ സമയത്ത വേദനസംഹാരി കഴിക്കുന്നത് അവരുടെ പ്രത്യുല്‍പാദന ആരോഗ്യത്തെ ബാധിക്കുകയില്ല.

ശാരീരികമായ വളര്‍ച്ചയുടെ ഭാഗമായി വരുന്ന ക്രമക്കേടുകളല്ലാതെ വളരെ വിരളമായി മറ്റു കാരണങ്ങളും ഉണ്ടാകാം. രക്തം കട്ടപിടിക്കാനുള്ള താമസം, മറ്റു ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, തൈറോഡിന്റെ പ്രശ്‌നങ്ങള്‍, പോളിസിസ്റ്റിക് ഓവറി, ഗര്‍ഭപാത്രത്തിനകത്തെ മുഴകള്‍ എന്നിവയെല്ലാം ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍, ഇതിനൊക്കെ പ്രത്യേകമായ ലക്ഷണങ്ങളുണ്ട്. കൗമാരപ്രായത്തില്‍ രക്തസ്രാവം കൂടുതല്‍ ആണെങ്കില്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.

 

menstrual irregularitiesm health illness disease