By priya.18 11 2023
ഗാസ സിറ്റി: ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗാസ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ അവസ്ഥ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
വൈദ്യുതി മുടങ്ങിയതിനാല്‍ പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സയിലിരുന്ന ആളുകള്‍ മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 27 മുതിര്‍ന്നവരും ഏഴ് കുഞ്ഞുങ്ങളും മരിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ജനറേറ്ററുകളില്‍ ഇന്ധനം അവസാനിച്ചതോടെ ജീവന്‍ രക്ഷാ ഉപാധികള്‍ പ്രവര്‍ത്തിക്കാതെ ആയതോടെയാണ് രോഗികള്‍ കൂട്ടത്തോടെ മരിച്ചത്.
ഇസ്രയേല്‍ സൈന്യം ആദ്യം തന്നെ അല്‍ ശിഫ ആശുപത്രിയെ ലക്ഷമിട്ടിരുന്നു.
ആശുപത്രിക്കുള്ളില്‍ തുരങ്കങ്ങളുണ്ടെന്നും ഇതിലിരുന്നാണ് ഹമാസ് തങ്ങള്‍ക്കെതിരായ ആക്രമണം നടത്തുന്നതെന്നുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
എന്നാല്‍ ഇത് പലതവണ ഹമാസ് നിഷേധിച്ചിരുന്നു. ഇസ്രയേലി സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കുള്ളില്‍ കടന്ന് പരിശോധന തുടങ്ങിയത്.