/kalakaumudi/media/post_banners/460e09c1fdd13fa1e53fb8cb4444a4bb345abea04ae93a90f8ac7462567f9dca.jpg)
ഗാസ: മധ്യ ഗാസയിലെ മഗസി അഭയാർഥി ക്യാംപിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഈ പ്രദേശത്ത് ധാരാളം കുടുംബങ്ങൾ താമസിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഗാസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേരെ മഗാസിയിൽ നിന്ന് അടുത്തുള്ള അൽ-അഖ്‌സ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതെസമയം ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചു.വെള്ളിയാഴ്ച മുതൽ ഗാസയിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പറയുന്നു.യുദ്ധം തുടരുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് നെതന്യാഹു ആവർത്തിക്കുമ്പോൾ ജീവൻ നഷ്ടമാകുന്നത് കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാർക്കാണ്.
ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിനുള്ള പുതിയ നിർദ്ദേശം ഗാസ മുനമ്പിനോട് ചേർന്നുള്ള ഈജിപ്ത് മുന്നോട്ട് വച്ചതായി ഇസ്രായേലി, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അടിന്തര വെടിനിർത്തലിനായി ഖത്തറിയുടെയും യുഎസിന്റെയും പങ്കാളിത്തത്തോടെ ഈജിപ്തിൽ പരോക്ഷ ചർച്ചകൾ നടത്തും.