/kalakaumudi/media/post_banners/bfc98b8b6c7402977659c8a31f660d678eba05928f7cc9bc587b7a6ffd663137.jpg)
ന്യൂഡൽഹി: ഗാസയ്ക്കെതിരായ വംശഹത്യം തുടരുന്നതിനിടെ ഇസ്രയേലിന് അദാനിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കമ്പനി സൈനിക ഡ്രോണുകൾ കൈമാറിയതായി റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള അദാനി- എൽബിറ്റ് അഡ്വാൻസ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡാണ് 20-ലധികം ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് നൽകിയിരിക്കുന്നത്.
ഓൺലൈൻ പോർട്ടലായ 'ദ വയർ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വെടിനിർത്തലിന് വേണ്ടി ഇന്ത്യ ഉള്‍പ്പെടെ ആഹ്വാനം നടത്തുന്നതിനിടെയാണ് അതേ രാജ്യത്തുനിന്ന് ഇസ്രയേലിന് ആയുധങ്ങൾ കൈമാറുന്നു എന്ന വാർത്ത പുറത്തുവരുന്നത്.അതിനാൽ ഇത് നയതന്ത്ര തലത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടാക്കിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ഗാസയിലെ ആക്രമണങ്ങൾക്ക് ഇസ്രയേൽ ഉപയോഗിക്കുന്നത് ഈ ഡ്രോണുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കാറുള്ള ഷെപാർഡ് മീഡിയ ആണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഇന്ത്യയോ ഇസ്രയേലോ ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാൽ ഇന്ത്യയിൽ ഉത്‌പാദിപ്പിച്ച ഡ്രോണുകൾ ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് അദാനിയുമായി അടുത്ത വൃത്തങ്ങൾ തങ്ങളോട് സ്ഥിരീകരിച്ചതായി ദ വയറിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി രണ്ടിനാണ് ഹെർമിസ് 900 മീഡിയം ആൾറ്റിട്യൂട്, ലോങ് എൻഡുറൻസ് യുഎവികൾ ഈ കമ്പനി ഇസ്രയേലിന് വിറ്റത്. എഫ് 35 യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ ഇസ്രയേലിന് നൽകുന്നത് നിർത്തിവയ്ക്കണമെന്ന ഡച്ച് കോടതിയുടെ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് അദാനിക്ക് കൂടുതൽ ഓഹരിയും അതുവഴി നിയന്ത്രണവുമുള്ള സംയുക്ത കമ്പനി കയറ്റുമതി നടത്തിയിരിക്കുന്നത്.
2018-ലാണ് ഇസ്രയേലിൻ്റെ എൽബിറ്റ് സിസ്റ്റംസ് അദാനി ഡിഫൻസുമായി കരാറിൽ ഏർപ്പെടുന്നത്. അതിന്റെ ഭാഗമായാണ് ഇസ്രയേലിന് പുറത്ത് ആദ്യമായി ആളില്ലാ വിമാനങ്ങൾ നിർമിക്കുന്ന 150 കോടി ഡോളറിന്റെ സംയുക്ത സംരംഭം ഹൈദരാബാദിൽ ആരംഭിച്ചത്.
2023 ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ ആരംഭിച്ച കടുത്ത ആക്രമണങ്ങളിൽ ഡ്രോണുകൾ പ്രത്യേകിച്ച് ഹെർമിസ് 900 നിർണായക പങ്കാണ് വഹിക്കുന്നത്. 30 മണിക്കൂറിലധികം പ്രവർത്തനക്ഷമതയുള്ള, ഹെർമിസ് 900 ഉപയോഗിച്ചാണ് ഗാസമുനമ്പിൽ ഇസ്രയേൽ പ്രധാനമായും നിരീക്ഷണം നടത്തുന്നത്. അതേസമയം, നിരീക്ഷണങ്ങൾക്ക് മാത്രമല്ല ചെറിയ ലേസർ ഗൈഡഡ് ബോംബുകൾ ഉപയോഗിക്കാനും ഇസ്രയേൽ ഡ്രോൺ ഉപയോഗിക്കുന്നതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.