ഇസ്രയേല്‍ ആക്രമണം; രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

By Anu.12 02 2024

imran-azhar

 


ടെന്‍ അവീവ്: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഇസ്രയേലില്‍ നിന്നും ഹമാ സ് പിടികൂടി ബന്ദിക്കളാക്കിയവരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. എട്ടുപേരുടെ നില ഗുരുതരമാണ്. ഇസ്രയേല്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ ഇവര്‍ക്കു വേണ്ട ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഹമാസ് സൈനികവിഭാഗം അറിയിച്ചു. ഗാസയില്‍ തുടര്‍ച്ചയായി ബോംബിടുന്ന ഇസ്രയേലിന് ബന്ദികളുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഓര്‍മിപ്പിച്ചു. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കടന്നു കയറി ഹമാസ് ബന്ദികളാക്കിയവരില്‍ നൂറിലേറെ പേരെ മോചിപ്പിച്ചിരുന്നെങ്കിലും ഇനിയും 136 പേര്‍ കൂടി ഗാസയിലുണ്ടെന്ന് ഇസ്രയേല്‍ പറയുന്നു.

 

യുദ്ധം തുടങ്ങിയതു മുതല്‍ ഇതുവരെ 28,176 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 67,784 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 173 പേര്‍ക്കു പരുക്കേറ്റു.

 

ഇതിനിടെ, ഇസ്രയേല്‍ ആക്രമണം മൂലം ഗാസയുടെ പല ഭാഗങ്ങളില്‍നിന്നായി പലായനം ചെയ്ത് എത്തിയവര്‍ തിങ്ങിപ്പാര്‍ക്കുന്ന തെക്കന്‍ പട്ടണമായ റഫയില്‍ പട്ടാളമിറങ്ങിയാല്‍ ബന്ദികളുടെ കാര്യത്തില്‍ തുടര്‍ചര്‍ച്ച നിലയ്ക്കുമെന്ന് ഹമാസ് മുന്നറിയിപ്പു നല്‍കി.

 

തെക്കന്‍ ലെബനനിലെ സിഡോണില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കാര്‍ തകര്‍ന്ന് 2 പേര്‍ കൊല്ലപ്പെട്ടു. ഡ്രോണാക്രമണം ലക്ഷ്യമിട്ടത് ഹമാസ് ഉദ്യോഗസ്ഥനായ ബേസല്‍ സാലിഹിനെയായിരുന്നെന്ന് ഇസ്രയേല്‍ സേന പറഞ്ഞു. സാലിഹിന് ആക്രമണത്തില്‍ പരുക്കേറ്റെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.

 

 

OTHER SECTIONS