അധ്യാപക യോഗ്യത, നല്‍കിയത് ഗുമസ്തപ്പണി, വിശ്വപൗരനായ മലയാളിയുടെ ജീവിതം

രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി. കെ.ആര്‍ നാരായണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുന്ന മേല്‍വിലാസമാണത്. പലപ്പോഴും അതിലൊതുങ്ങിപ്പോകുകയും ചെയ്യുന്നു മലയാളിയുടെ ഈ വിശ്വമഹാപൗരന്‍. അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പോലും അവകാശമില്ലാതിരുന്ന അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നതപദമലങ്കരിച്ചു എന്ന അപൂര്‍വതയിലും ഒതുക്കാനാവില്ല അദ്ദേഹത്തെ.

author-image
Web Desk
New Update
അധ്യാപക യോഗ്യത, നല്‍കിയത് ഗുമസ്തപ്പണി, വിശ്വപൗരനായ മലയാളിയുടെ ജീവിതം

രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി. കെ.ആര്‍ നാരായണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുന്ന മേല്‍വിലാസമാണത്. പലപ്പോഴും അതിലൊതുങ്ങിപ്പോകുകയും ചെയ്യുന്നു മലയാളിയുടെ ഈ വിശ്വമഹാപൗരന്‍. അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പോലും അവകാശമില്ലാതിരുന്ന അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നതപദമലങ്കരിച്ചു എന്ന അപൂര്‍വതയിലും ഒതുക്കാനാവില്ല അദ്ദേഹത്തെ. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ധീരമായ നിലപാടുകളിലൂടെ, കീഴ്വഴക്കത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നടപടികളിലൂടെ, ജനപക്ഷത്ത് നിലയുറപ്പിച്ച അഭിപ്രായപ്രകടനങ്ങളിലൂടെ രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസുയര്‍ത്തി എന്നത് കൂടിയായിരുന്നു കെ.ആര്‍ നാരായണന്റെ പ്രസക്തി. പത്രപ്രവര്‍ത്തകനായി പൊതുരംഗത്ത് പ്രവേശിച്ച നാരായണന്‍ നയതന്ത്രപ്രതിനിധി, എം.പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പദവികളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കി. രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്ക സമുദായങ്ങളിലൊന്നില്‍ ജനിച്ച കെ.ആര്‍ നാരായണനാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലിയുടെ സന്ദര്‍ഭത്തില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നത് ജാതിയതയുടെമേല്‍ രാജ്യം നേടിയ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്നു.

പെരുന്താനത്തെ കുടിലില്‍ നിന്ന് ലണ്ടനിലേക്ക്

കോട്ടയം ഉഴവൂരിനടുത്തെ പെരുന്താനത്തെ ജന്മിയായ ചിറ്റേട്ട് ശങ്കുപ്പിള്ള പുറക്കാട്ട് പറമ്പില്‍ ഇഷ്ടദാനമായി നല്‍കിയ നാല്‍പ്പത് സെന്റ് ഭൂമിയിലെ ഓലമേഞ്ഞ കൊച്ചുപുരയിലാണ് 1920 ഒക്ടോബര്‍ 27 ന് കൊച്ചേരില്‍ രാമന്‍ നാരായണന്‍ ജനിച്ചത്. കോച്ചേരി രാമന്‍ വൈദ്യരും പാപ്പിയമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. മക്കളെ നാട്ടുവൈദ്യത്തിന്റെ പാതയിലേക്ക് തെളിക്കാതെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കാനായിരുന്നു രാമന്‍ വൈദ്യരുടെ ആഗ്രഹം. ഏഴുമക്കളില്‍ നാലാമനായിരുന്ന നാരായണന്‍ കടുത്ത ദരിദ്ര പശ്ചാത്തലത്തിലായിരുന്നു വളര്‍ന്നത്. നാരായണനും സഹോദരങ്ങളിലും പലരാത്രികളിലും വിശന്ന് തളര്‍ന്നായിരുന്നു ഉറങ്ങിയിരുന്നത്. കോട്ടയം കുറിച്ചിത്താനം സ്‌കൂള്‍ സ്‌കൂള്‍, ഉഴവൂര്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് സ്‌കൂള്‍, കൂത്താട്ടുകുളത്തിന് സമീപം വടകര സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, സെന്റ് മേരീസ് കുറവിലങ്ങാട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഉഴവൂര്‍ ഔവര്‍ ലേഡി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫീസ് കൊടുക്കാന്‍ കഴിയാതെ പലതവണ ക്ലാസിന് പുറത്തായിരുന്നു. കൂട്ടുകാരില്‍ നിന്ന് നോട്ടെഴുതിവാങ്ങി മരച്ചുവട്ടിലിരുന്നായിരുന്നു പലപ്പോഴും നാരായണന്റെ പഠനം. ഈ കാലത്ത് തന്നെയാണ് നാരായണന്‍ വായനയുടെ ലോകത്തേക്ക് തിരിയുന്നതും.

കോട്ടയം സി.എം.എസ് കോളേജ്, തിരുവനന്തപുരം ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. 1943 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് (അന്നത്തെ തിരുവിതാംകൂര്‍ സര്‍വകലാശാല) ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടി ബി.എ ഓണേഴ്സ് പാസായി. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഒരു പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ഏറ്റവും വലിയ അക്കാദമിക് വിജയമായിരുന്നു അത്. റാങ്ക് നേടുന്നവര്‍ക്ക് അധ്യാപകരായി നിയമനം നല്‍കുന്ന പതിവ് അന്നുണ്ടായിരുന്നു. ഇക്കാര്യത്തിനായി ദിവാന്‍ രാമസ്വാമി അയ്യരെ കണ്ടപ്പോള്‍ ഗുമസ്തപ്പണി നല്‍കാമെന്നായിരുന്നു മറുപടി. താഴ്ന്ന ജാതിക്കാരനായതിനാലാണ് തനിക്ക് അധ്യാപന ജോലി നിഷേധിക്കപ്പെട്ടതെന്ന് മനസ്സിലാക്കിയ നാരായണന്‍ അത് വേണ്ടെന്ന് വച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തി.

1945 ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്നു. 1948 ല്‍ നാരായണന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഓണേഴ്സ് ബിരുദം നേടി. പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ഹരോള്‍ഡ് ലാസ്‌കി നാരായണന്റെ കൈവശം ഒരു കത്ത് പ്രധാനമന്ത്രി നെഹ്രുവിന് കൊടുത്തയച്ചിരുന്നു. താന്‍ പഠിപ്പിച്ച മിടുക്കരായ വിദ്യാര്‍ഥികളിലൊരാളാണ് നാരായണനെന്നും ഇന്ത്യ അദ്ദേഹത്തിന്റെ പ്രതിഭയെ ഉപയോഗിക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. നെഹ്രുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 1949ല്‍ ഇന്ത്യ ഗവണ്‍മെന്റ് അദ്ദേഹത്തെ വിദേശകാര്യ സര്‍വീസില്‍ നിയമിച്ചു. ബര്‍മയില്‍ ഇന്ത്യന്‍ എംബസിയില്‍ രണ്ടാം സെക്രട്ടറിയായായിരുന്നു ആദ്യത്തെ നിയമനം. ജപ്പാന്‍, തായ്ലന്‍ഡ്, തുര്‍ക്കി, ഓസ്ട്രേലിയ, യു.കെ, വിയത്നാം, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സേവനം. ബര്‍മയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പിന്നീട് ജീവിതപങ്കാളിയായ മാ ടിന്റ് ടിന്റിനെ അദ്ദേഹം പരിചയപ്പെടുന്നത്. നാരായണനെ വിവാഹം കഴിച്ച അവര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. നെഹ്രു നിര്‍ദേശിച്ച ഉഷ എന്ന പേരായിരുന്നു അവര്‍ പിന്നീട് സ്വീകരിച്ചത്. നയതന്ത്രപ്രതിനിധി എന്ന നിലയിലും നാരായണന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

രാഷ്ടപതിയെന്നത് ഒരു ആലങ്കാരിക പദവി മാത്രമാണെന്ന വിമര്‍ശനം ഉണ്ടായിരുന്നപ്പോള്‍ തന്നെ രാഷ്ട്രപതിയുടെ വിവേചനാധികാരം ഏറ്റവും യുക്തിപൂര്‍വം ഉപയോഗിച്ച രാഷ്ടപതിമാരിലൊരാളായിരുന്നു കെ.ആര്‍ നാരായണന്‍. രാഷ്ട്രപതി എന്ന പദവിയുടെ ഔന്നിത്യവും അധികാരവും പ്രസക്തിയുമെല്ലാം അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രത്തിന്റെ പൊതുതാല്‍പര്യം, ഭരണഘടന, മനസാക്ഷി എന്നിവയ്ക്ക് നിരക്കുന്നതാവണം രാഷ്ട്രപതി എന്ന നിലയ്ക്കുള്ള തന്റെ തീരുമാനങ്ങളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ആ വിശ്വാസവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് നാരായണനെ രാഷ്ട്രപതിയെന്ന നിലയില്‍ വ്യത്യസ്തനാക്കിയത്. വ്യക്തികളുടെയോ കക്ഷികളുടെയോ സ്ഥാപിത താല്‍പര്യങ്ങളെ അദ്ദേഹം എപ്പോഴും നിര്‍ഭയം നിരാകരിച്ചുപോന്നു. വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ഇല്ലാതിരുന്ന 1997ല്‍ ഭൂരിപക്ഷം ആധികാരികമായി തെളിയിക്കാതെ ഒരു പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഉത്തര്‍പ്രദേശിലെ കല്യാണ്‍സിങ് സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഗുജ്റാള്‍ സര്‍ക്കാരിന്റെ ശുപാര്‍ശ പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് നാരായണന്‍ തിരിച്ചയച്ചത് 365ാം വകുപ്പ് പ്രയോഗിക്കുന്നത് അങ്ങേയറ്റത്തെ വിവേകത്തോടെയാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു. ബീഹാറില്‍ വിശ്വാസവോട്ടു തേടിയ റാബ്രീദേവി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന വാജ്പേയി മന്ത്രിസഭയുടെ ശുപാര്‍ശയും തിരിച്ചയക്കാന്‍ അദ്ദേഹം മടിച്ചില്ല. 1999 ല്‍ ഭൂരിപക്ഷം നഷ്ടമായ വാജ്പേയ് സര്‍ക്കാരിനോട് വിശ്വാസവോട്ട് തേടാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷം പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയമനുവദിച്ചത് വിവാദങ്ങള്‍ക്കിടയാക്കി. പിന്നീട് സഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന ചിലരുടെ അഭിപ്രായത്തോട് തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നന്നായില്ലെങ്കില്‍ ഭരണഘടന മാറ്റിയിട്ടും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എല്ലാ പദവികളിലിരിക്കുമ്പോഴും അധഃസ്ഥിത വിഭാഗത്തിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും താഴത്തെത്തട്ടിലുള്ളവരുടെ വേദനകളും വിഷമങ്ങളുമറിയാനും അവ ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഔദ്യോഗിക പദവികളെല്ലാം ഒഴിഞ്ഞ ശേഷവും അദ്ദേഹം ശ്രമിച്ചുപോന്നു. ഗുജറാത്ത് കലാപത്തെ അമര്‍ച്ച ചെയ്യാന്‍ ഉടന്‍ സൈന്യത്തെ അയക്കണമെന്ന തന്റെ തുടരെ തുടരെയുള്ള നിര്‍ദേശം വാജ്പേയ് സര്‍ക്കാര്‍ നിരാകരിച്ചതിനാലാണ് നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് കെ.ആര്‍ നാരായണന്‍ പിന്നീട് വെളിപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് കാരണമായി. രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നിശബ്ദനായി കഴിയുകയായിരുന്ന കെ.ആര്‍ നാരായണന്‍ 2005 നവംബര്‍ 9 ന് വിടപറഞ്ഞു.

india kerala malayali kr narayanan