അൽ-ഷിഫ ഉൾപ്പെടെ ഗാസയിലെ രണ്ട് പ്രധാന ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന

നിരന്തരമായ വെടിവയ്പ്പും പ്രദേശത്തിനു നേരെയുള്ള ബോംബാക്രമണവും ഇതിനകം തന്നെ നിലവിലെ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് ഡബ്യു എച്ച് ഒ പറയുന്നു

author-image
Greeshma Rakesh
New Update
അൽ-ഷിഫ ഉൾപ്പെടെ ഗാസയിലെ രണ്ട് പ്രധാന ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന

ഗാസ: ഗാസയിൽ അൽ-ഷിഫ ഉൾപ്പെടെ രണ്ട് പ്രധാന ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.ഏറ്റവും വലിയ രണ്ട് ആശുപത്രികളായ അൽ-ഷിഫയും അൽ-ഖുദ്‌സുമാണ് അടച്ചുപൂട്ടിയിരിക്കുന്നത്.

നിരന്തരമായ വെടിവയ്പ്പും പ്രദേശത്തിനു നേരെയുള്ള ബോംബാക്രമണവും ഇതിനകം തന്നെ നിലവിലെ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് ഡബ്യു എച്ച് ഒ പറയുന്നു.മാത്രമല്ല സ്ഥിതി ഭയാനകവും അപകടകരവുമാണെന്ന് ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അധാനോം ഗെബ്രിയേസസ് അറിയിച്ചു.

മാത്രമല്ല ആശുപത്രികളിൽ വൈദ്യുതിയും വെള്ളവും ഇല്ലാതായിട്ട് മൂന്ന് ദിവസമായെന്നും മോശം ഇന്റർനെറ്റ് സംവിധാനങ്ങൾ ആശയവിനിമയത്തെ തടസപ്പെടുത്തുന്നുവെന്നും ഗെബ്രിയേസസ് എക്‌സിൽ കുറിച്ചു.കുറഞ്ഞത് 2,300 പേരെങ്കിലും അൽ-ഷിഫയ്ക്കുള്ളിൽ ഉണ്ടെന്ന് ഗാസയിലെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പറയുന്നു.

അൽ-ഷിഫയിലെ ശസ്ത്രക്രിയാ തീയറ്ററിൽ കുറഞ്ഞത് 20 നവജാത ശിശുക്കളെ സൂക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുന്നിരുന്നു.അൽ ഷിഫയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം മൂന്നായി വർധിച്ചുവെന്നും ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് നഴ്സുമാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും യു എൻ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റാൻ സഹായിക്കുമെന്ന് ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതെസമയം അൽ-ഷിഫ ആശുപത്രി കെട്ടിടത്തിനടിയിൽ ഹമാസിന്റെ താവളമുണ്ടെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു. യുദ്ധത്തിനിടെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നില്ലെന്ന് ഇസ്രായേൽ സൈന്യം ആവർത്തിച്ചു.

പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രണ്ടായിരത്തിലധികം പേർ അൽ ഷിഫയിൽ കുടുങ്ങി കിടക്കുകയാണ്. 600നും 650നുമിടയിൽ കിടപ്പുരോഗികളും അഞ്ഞൂറോളം ആരോഗ്യപ്രവർത്തകരും 1,500 ഓളം അഭയാർത്ഥികളും ആശുപത്രിയിലുണ്ട്.പൗരന്മാരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കണമെന്നും അതിനായി ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഡബ്ള്യു എച്ച് ഒ ആഹ്വാനം ചെയ്തിരുന്നു.

1200 പേർ കൊല്ലപ്പെടുകയും 200 ലധികം പേർ ബന്ദികളാകുകയും ചെയ്ത ഹമാസ് ആക്രമണത്തിന് ശേഷമാണ് ഇസ്രായേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.ഗാസയിൽ ഇതുവരെ 11,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു. അതിൽ 4,500-ലധികവും കുട്ടികളാണ്.

who israel hamas israel hamas war gaza al-shifa hospital