/kalakaumudi/media/post_banners/ec4ecff4ef1eaf40d67169b888524f8a4a9f8b71b2693b9ac4c2bab7c155d1d8.jpg)
ഗാസ: ഗാസയിൽ നാലു മാസമായി തുടരുന്ന ഇസ്രയേൽആക്രമണങ്ങളിൽ മാതാപിതാക്കളെ നഷ്ടമായത് 17,000 കുട്ടികൾക്കെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. ഈ കുട്ടികളിൽ പലരും കുടുംബാംഗങ്ങളെ കാണാതാകുകയോ വേർപിരിയപ്പെട്ടതോ ആകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കുട്ടികൾക്കെല്ലാം മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യുനിസെഫ് ചൂണ്ടികാട്ടി.
ഓരോ കുട്ടിക്കും പറയാൻ നഷ്ടത്തിന്‍റെയും ദുഃഖത്തിന്‍റെയും ഹൃദയഭേദകമായ കഥയുണ്ട് -എന്ന് ഫലസ്തീൻ പ്രദേശങ്ങൾക്കായുള്ള യുനിസെഫിന്‍റെ കമ്മ്യൂണിക്കേഷൻ മേധാവി ജോനാഥൻ ക്രിക്സ് പറഞ്ഞു.അതെസമയം നിലവിലെ സാഹചര്യങ്ങളിൽ വിവരങ്ങൾ ശേഖരിക്കുന്നത് അസാധ്യമായതിനാൽ ഈ സംഖ്യ ഏകദേശ കണക്കാണ്.യുദ്ധക്കെടുതിയിൽ വിവിധയിടങ്ങളിലേക്ക് മാറ്റപ്പെട്ട കുട്ടികൾ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റ് ആശുപത്രിയിലെത്തുന്നവർക്ക് കൂടെയുണ്ടായിരുന്ന കുട്ടികൾ എവിടെയാണെന്ന് പറയാൻ കഴിയില്ല.സ്വന്തം പേരുപോലും പറയാൻ പറ്റാത്തവരുണ്ട്.അതിനാൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ അകന്ന ബന്ധത്തിലുള്ളവരും മറ്റും കുടുംബങ്ങളും ഏറ്റെടുക്കുന്നത് പതിവാണ്. എന്നാൽ, ഗാസയിൽ ഭക്ഷണമോ വെള്ളമോ പാർപ്പിടമോ ഇല്ലാതെ വിഷമിക്കുന്നവർ സ്വന്തം കുട്ടികളെ തന്നെ പരിപാലിക്കാൻ പാടുപെടുകയാണ്. അതിനിടെ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കൂടി നോക്കുന്നത് അവരെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആക്രമണം ഗാസയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഗാസ മുനമ്പിലെ ഒരു ദശലക്ഷം കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്നും ക്രിക്സ് പറഞ്ഞു.ഗാസയിലെ കുട്ടികളിൽ നിരന്തരമായ ഉത്കണ്ഠ, വിശപ്പില്ലായ്മ, ഉറങ്ങാൻ കഴിയുന്നില്ല, ബോംബാക്രമണം കേൾക്കുമ്പോൾ പരിഭ്രാന്തി ഉണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചതു മുതൽ ഗാസയിൽ ഇസ്രായേലിന്‍റെ ആക്രമണങ്ങളിൽ 27,100ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11,500 പേർ കുട്ടികളാണ്.കുട്ടികൾക്ക് ഈ സംഘർഷവുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ഒരു കുട്ടികളും അനുഭവിക്കാത്ത കഷ്ടപ്പാടുകളാണ് ഗാസയിലെ കുട്ടികൾ നേരിടുന്നതെന്നും ക്രിക്സ് പറഞ്ഞു.