മുംബൈ: 'സ്കാം 2010: ദി സുബ്രത റോയ് സാഗ' പ്രഖ്യാപിച്ചു. ഹൻസൽ മേത്തയുടെ 'സ്കാം' പരമ്പരയുടെ മൂന്നാം ഭാഗത്തിൽ ഈ വർഷം ആദ്യം അന്തരിച്ച സംരംഭകനായ സുബ്രത റോയിയുടെ ജീവിത കഥയാണ് പറയുന്നത്. എന്നാൽ പ്രഖ്യാപനത്തിൽ സുബ്രത റോയിയുടെ സ്ഥാപനമായ സഹാറ ഇന്ത്യ പരിവാർ തൃപ്തരല്ല. പുതിയ പ്രഖ്യാപനത്തിനെതിരെ അവർ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
“സ്കാം 2010: ദി സുബ്രതാ റോയ് സാഗ പ്രഖ്യാപിച്ചതിലൂടെ തങ്ങൾക്കെതിരെ തീർത്തും വിലകുറഞ്ഞ പ്രചാരണമാണ് ഈ ഷോയുടെ അണിയറക്കാർ നടത്തുന്നതെന്നാണ് സഹാറ ഇന്ത്യ പരിവാറിൻ്റെ ആരോപണം. ഇക്കാര്യത്തിൽ, നിർമ്മാതാവ്, സംവിധായകൻ, ഈ സീരിസിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും" സഹാറ ഇന്ത്യ പരിവാർ അറിയിച്ചു.
സെബിയും സഹാറയും തമ്മിലുള്ള തർക്കം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും പ്രസ്തുത കേസിൻറെ നടപടികളെ സ്വാധീനിക്കാനുള്ള ഏതൊരു ശ്രമവും കോടതിയലക്ഷ്യത്തിന് കാരണമാകുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തിൻറെ മറവിൽ വളരെ ദുർബലരായ മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നുകയറാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും സഹാറ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
“വെബ്-സീരീസിൻറെ തലക്കെട്ടിൽ 'സ്കാം' എന്ന വാക്ക് ഉപയോഗിക്കുന്നത് പ്രഥമദൃഷ്ട്യാ അപകീർത്തികരമാണെന്നും. ഇത് സഹാറ സ്ഥാപകൻ്റെയും സഹാറ ഇന്ത്യ പരിവാറിൻറെയും പ്രതിച്ഛായയും പ്രശസ്തിയും തകർക്കാനുള്ള ശ്രമമാണെന്നും സഹാറ ഇന്ത്യ പരിവാർ പറഞ്ഞു. ചിട്ടി ഫണ്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. സഹാറ-സെബി ഇഷ്യൂ പോലും സഹാറ ഇഷ്യൂ ചെയ്ത ഒഎഫ്സിഡി ബോണ്ടുകളുടെ സെബിയുടെ അധികാരപരിധിയിലെ തർക്കമായിരുന്നുവെന്നും ”കുറിപ്പിൽ വ്യക്തമാക്കി.
തമാൽ ബന്ദ്യോപാധ്യായയുടെ 'സഹാറ: ദ അൺടോൾഡ് സ്റ്റോറി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് 'സ്കാം 2010: ദി സുബ്രത റോയ് സാഗ' ഒരുക്കുന്നത്. ബിസിനസുകാരനായ സുബ്രത റോയിയുടെ 2000 ത്തിൻറെ തുടക്കത്തിലെ വൻ വളർച്ചയും, തുടർന്ന് 2010ന് ശേഷമുള്ള പതനവുമാണ് ഈ ഷോയുടെ അടിസ്ഥാനം.
സ്റ്റുഡിയോനെക്സ്റ്റുമായി സഹകരിച്ച് അപ്ലാസ് എൻറർടെയ്മെൻറാണ് സീരീസ് നിർമ്മിക്കുന്നത്. സ്കാം സീരിസിൻറെ നിരൂപക പ്രശംസ നേടിയ ആദ്യ ഭാഗം, സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി 2020ലാണ് പുറത്തിറങ്ങിയത്. അതിൽ നടൻ പ്രതീക് ഗാന്ധിയാണ് 1992ലെ മുംബൈ സ്റ്റോക്ക് എക്സേഞ്ച് ഓഹരി കുംഭകോണത്തിന് നേതൃത്വം നൽകിയ ഹർഷദ് മേത്തയുടെ റോൾ ചെയ്തത്.
പിന്നീട് കഴിഞ്ഞ വർഷമാണ് അബ്ദുൾ കരീം തെൽഗിയുടെ 2003 ലെ സ്റ്റാമ്പ് പേപ്പർ തട്ടിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്കാം 2003 എത്തിയത്.