മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായിക മധുര ജസ്‌രാജ് അന്തരിച്ചു. 86 വയസായിരുന്നു.അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജിൻറെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരൻ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്‌രാജ്. ബുധനാഴ്ച പുലർച്ചെ സ്വവസതിയിലാണ് അന്ത്യം.ഉച്ചകഴിഞ്ഞ് 3.30ന് ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം.എഴുത്തുകാരി, നിർമാതാവ്, നൃത്തസംവിധായിക എന്നീ നിലകളിൽ സജീവമായിരുന്നു.
ഭർത്താവിനോടുള്ള ആദരസൂചകമായി 'സംഗീത് മാർത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജ്' (2009) എന്ന ഡോക്യുമെന്ററി നിർമിച്ചു. മധുരയും അവരുടെ സഹോദരനും ചലച്ചിത്ര നിർമാതാവുമായ കിരൺ ശാംതാരവും പിതാവ് ശാന്താറാമിന്റെ ജീവചരിത്രം എഴുതി. നിരവധി നോവലുകളും മധുര എഴുതിയിട്ടുണ്ട്.
2010-ൽ മധുര തന്റെ ആദ്യ മറാഠി ചിത്രമായ 'ആയ് തുജാ ആശിർവാദ്' സംവിധാനം ചെയ്തു. ഒരു ഫീച്ചർ ഫിലിമിലെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. 1962ലാണ് മധുര പണ്ഡിറ്റ് ജസ്‌രാജിനെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്തു. മകൻ ശരംഗ്ദേവ് പണ്ഡിറ്റ്, മകൾ ദുർഗ ജസ്‌രാജ്, നാല് പേരക്കുട്ടികൾ എന്നിവരാണുള്ളത്.