/kalakaumudi/media/media_files/2025/08/06/ut-2025-08-06-12-28-19.jpg)
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനങ്ങള്‍ പുതുമയുള്ള കാര്യമല്ല. പക്ഷെ, ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്ഫോടനങ്ങളുടെ ഫലമായി ഖീര്‍ഗംഗാനദിയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ ധരാലി എന്ന ഗ്രാമം ഒന്നാകെയാണ് ഒലിച്ചുപോയത്. പതിവുമഴദിവസമായിരുന്നു ഗ്രാമവാസികള്‍ക്ക്. അതിനാല്‍ത്തന്നെ വരാനിരിക്കുന്ന അപകടത്തെ കുറിച്ച് അവര്‍ ആശങ്കപ്പെടുകയോ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെയോ കുറിച്ച് അവര്‍ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. നിമിഷനേരത്തിനുള്ളിലാണ് എല്ലാം സംഭവിച്ചത്.
സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ധരാലിയിലെ വീടുകളും റെസ്റ്റോറന്റുകളുമുള്‍പ്പെടെ കെട്ടിടങ്ങള്‍ ഒന്നാകെയാണ് തകര്‍ന്നടിഞ്ഞൊഴുകിയത്. അവശിഷ്ടങ്ങള്‍ക്കൊപ്പം ഒലിച്ചുപോയ മനുഷ്യരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറോളം പേരെ കാണാതായതായാണ് ഔദ്യോഗികവിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള സമയം പോലും ലഭിച്ചില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ഖീര്‍ഗംഗ നദിയുടെ വൃഷ്ടിപ്രദേശത്താണ് മിന്നല്‍പ്രളയമുണ്ടായത്. ഇവിടെനിന്ന് 12 കിലോമീറ്റര്‍ അകലെ സുഖി മേഖലയിലും പ്രളയമുണ്ടായി. നാലുകിലോമീറ്റര്‍ അകലെയുള്ള ഹര്‍ഷിലിലെ കരസേനാക്യാമ്പില്‍നിന്നുള്ള സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത്. ക്യാമ്പിലെ ഒന്‍പത് സൈനികരെ കാണാതായി.
Watch This:
https://www.youtube.com/watch?v=rzCPbKoIRc0
ഓടി രക്ഷപ്പെട്ടോളൂ എന്ന നിലവിളികള്‍ ഉയര്‍ന്നതും അവസാനിച്ചതും നിമിഷനേരത്തിലാണ്. ധരാലി മൊത്തമായും തകര്‍ന്നടിഞ്ഞു. പ്രദേശമൊന്നാകെ ചെളിനിറഞ്ഞ നദീതടം പോലെയായി മാറി. ഹോട്ടലുകള്‍, അതിഥിമന്ദിരങ്ങള്‍, വീടുകള്‍ തുടങ്ങി 25 ലധികം കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ചാര്‍ ധാം തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്കുള്ള പാത പൂര്‍ണമായും തകര്‍ന്നു. 19 കിലോമീറ്റര്‍ അകലെയാണ് ഗംഗോത്രി.
ഒലിച്ചെത്തിയ മണ്ണും വെള്ളവും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞത് ഒട്ടേറെ കെട്ടിടങ്ങളെയാണ്. റോഡുകള്‍ തകര്‍ന്നു. ദുരന്തം എത്രപേരെ ബാധിച്ചെന്നതില്‍ കൃത്യമായ കണക്കില്ല. വലിയ ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍, പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്. ചിലര്‍ വാഹനങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പക്ഷേ, എന്തിനെങ്കിലും കഴിയും മുന്നേ മനുഷ്യരും വാഹനങ്ങളും മൃഗങ്ങളും കെട്ടിടങ്ങള്‍ക്കൊപ്പം മണ്ണുമൂടിപ്പോയി. ദുരന്തത്തിന് പിന്നാലെ ഗംഗോത്രി ധാമിലേക്ക് റോഡ് മാര്‍ഗമെത്തിച്ചേരാന്‍ മറ്റൊരു വഴിയുമില്ല.
ഹിമാലയന്‍ മലനിരകളിലെ ഭാഗീരഥി പരിസ്ഥിതിലോല മേഖലയിലെ പ്രദേശമാണ് ധരാലി. ഭാഗീരഥിയുടെ തീരങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിയന്ത്രണമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്ന് വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഖീര്‍ഗംഗ ദേശീയോദ്യാനത്തിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു.
Read More:
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി, ഡെറാഡൂണിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് നേരിട്ടെത്തി. ഭരണകൂടത്തിലെയും പോലീസിലെയും മറ്റ് വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഏകോപനം നല്‍കി വരികയാണ്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
''കേന്ദ്രസര്‍ക്കാര്‍ എല്ലാ വിധത്തിലും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയും ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്, അദ്ദേഹത്തോടും ഞാന്‍ നന്ദി പറയുന്നു,'' എഎന്‍ഐയോട് സംസാരിക്കവെ മുഖ്യമന്ത്രി ധാമി പറഞ്ഞു.''എല്ലാസേവനങ്ങളും അവിടെ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. വൈദ്യുതി വകുപ്പും ഉത്തരാഖണ്ഡ് ജല്‍ വിദ്യുത് നിഗമവും അവിടെ സംയുക്തപ്രവര്‍ത്തനം നടത്തുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതും പ്രാഥമിക പരിഗണനയിലുണ്ട്. കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ കാരണം ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അവിടെ തടസ്സപ്പെട്ടിട്ടുണ്ട്, അടിയന്തര നടപടി സ്വീകരിച്ചുകഴിഞ്ഞു. പ്രകൃതിദുരന്തം നേരിടുന്ന ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുന്നു. അവര്‍ക്കെല്ലാം എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും...'' അദ്ദേഹം പറഞ്ഞു.