/kalakaumudi/media/media_files/2025/08/11/asin-2-2025-08-11-18-24-34.jpg)
ന്യൂഡല്‍ഹി: യുഎസ് മണ്ണില്‍നിന്ന് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുയര്‍ത്തിയ പാക്ക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. ആണവ പോര്‍വിളിയെന്നത് പാക്കിസ്ഥാന്റെ വില്‍പനച്ചരക്കാണെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ''ഒരു സൗഹൃദരാജ്യത്തിന്റെ മണ്ണില്‍നിന്ന് അത്തരമൊരു പരാമര്‍ശങ്ങള്‍ വന്നത് ദൗര്‍ഭാഗ്യകരമാണ്.
നിരുത്തരവാദിത്തം ജന്മസിദ്ധമാണെന്നു ഈ പരാമര്‍ശങ്ങളില്‍നിന്ന് രാജ്യാന്തര സമൂഹത്തിനു മനസ്സിലാകും. സൈന്യത്തിന് ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്നത് പരിഗണിക്കുമ്പോള്‍, ആണവായുധങ്ങളുടെ മേലുള്ള നിയന്ത്രണത്തില്‍ പാക്കിസ്ഥാന്റെ സത്യസന്ധത എത്രത്തോളമുണ്ടെന്നത് ആശങ്കാജനകമാണ്.'' ഇന്ത്യ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ നിരുത്തരവാദ രാജ്യംപാക്കിസ്ഥാന്‍ നിരുത്തരവാദ രാജ്യമാണെന്നാണ് യുഎസ് മണ്ണില്‍നിന്നുള്ള അസിം മുനീറിന്റെ ആണവ ഭീഷണി പ്രസ്താവനയില്‍നിന്നു വ്യക്തമാകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും പ്രതികരിച്ചു. അവരുടെ കൈവശമുള്ള ആണവായുധങ്ങള്‍ പാക്ക് സൈന്യത്തിന്റെയല്ലാതെ മറ്റാരുടെയെങ്കിലും കൈയില്‍ വന്നാല്‍ അത് അത്യന്തം അപകടകരമാണ്. ആ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നില്ലെന്നതിന്റെ ലക്ഷണമാണ് ഇത്തരം പരാമര്‍ശമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read:
ഫ്‌ളോറിഡയിലെ ടാംപയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്താണ് പരസ്യമായി ആണവയുദ്ധത്തെക്കുറിച്ച് അസിം മുനീര്‍ സംസാരിച്ചത്. യുഎസിന്റെ മണ്ണില്‍നിന്ന് മറ്റൊരു രാജ്യത്തിനുനേര്‍ക്ക് ആണവഭീഷണിയുയര്‍ത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാംപയുടെ ഓണററി കോണ്‍സല്‍ ആയി പ്രവര്‍ത്തിക്കുന്ന വ്യവസായി അദ്‌നന്‍ അസദ് ഒരുക്കിയ അത്താഴ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമര്‍ശം.
''ഞങ്ങള്‍ ഒരു ആണവരാജ്യമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍ ലോകത്തിന്റെ പകുതിയും ഞങ്ങള്‍ക്കൊപ്പം കൊണ്ടുപോകും'' അസിം മുനീര്‍ പറഞ്ഞത് ഇങ്ങനെയാണ്. എന്നൊക്കെ യുഎസ് ഭരണകൂടം പാക്ക് സൈന്യത്തെ പിന്തുണച്ചിട്ടുണ്ടോ അന്നൊക്കെ പാക്ക് സൈനികമേധാവിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നുവെന്നും അവരുടെ യഥാര്‍ഥ സ്വഭാവം പുറത്തുവരുന്നതാണെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് അവര്‍ക്കു നല്‍കുന്ന സ്വീകരണത്തിന്റെ ബാക്കിയായി പാക്കിസ്ഥാനില്‍ അട്ടിമറി ഉണ്ടായേക്കാം. ഫീല്‍ഡ്മാര്‍ഷല്‍ അടുത്ത പ്രസിഡന്റ് ആയേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.