തെരുവ് നായ്ക്കളെ 8 ആഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറിലേക്ക് മാറ്റണം: സുപ്രീംകോടതി

തെരുവുനായ്ക്കളെ മാറ്റുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

author-image
Biju
New Update
naya

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത ഉത്തരവുമായി സുപ്രീംകോടതി. ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 

നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ മുന്‍സിപ്പാലിറ്റികളും മറ്റ് ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നും കോടതി പറഞ്ഞു. തെരുവുനായ്ക്കളെ മാറ്റുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വര്‍ധിച്ചതോടെയാണ് സുപ്രീംകോടതിയുടെ നടപടി.

Also Read:

https://www.kalakaumudi.com/kerala/euthanasia-of-stray-dogs-in-kerala-is-temporarily-suspended-by-the-high-court-9608248

പേവിഷബാധയേറ്റുള്ള മരണം വര്‍ധിച്ചതിനെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോടതി വിഷയം പരിഗണിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വാദം മാത്രമേ കേള്‍ക്കൂവെന്നും നായസ്‌നേഹികളുടെയും മറ്റാരുടെയും ഹര്‍ജികള്‍ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും. 'ഇത് ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്യുന്നതല്ല. 

ഇത് പൊതുജന നന്മയ്ക്കു വേണ്ടിയാണ്. ഇതില്‍ ഒരു തരത്തിലുള്ള വികാരവും ഉള്‍പ്പെടുന്നില്ല. എത്രയും പെട്ടെന്ന് നടപടിയെടുത്തേ തീരൂ'ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. 'എല്ലാ പ്രദേശങ്ങളില്‍നിന്നും നായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണം. അതുവരേക്കും നിയമം മറന്നേക്കൂ'എന്നും തെരുവുനായ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാലയോട് പര്‍ദിവാല പറഞ്ഞു.

പേവിഷബാധയേറ്റ് മരിച്ചുപോയവരെ തിരികെക്കൊണ്ടുവരാന്‍ മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ക്കു കഴിയുമോയെന്നും കോടതി ചോദിച്ചു. തെരുവുകള്‍ പൂര്‍ണമായും തെരുവുനായ മുക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. തെരുവുനായ്ക്കളെ ദത്തെടുക്കാനും ആരെയും അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

 

supreme court of india