ഇന്ന് ലോകം നേരിടുന്ന വലിയ ആരോഗ്യ വെല്ലുവിളിയാണ് ഉറക്കമില്ലായ്മ. ഊണിലും ഉറക്കത്തിലും വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ജോലിയിലെ സമ്മര്‍ദം, അലസമായ ജീവിതശൈലി തുടങ്ങി ഉറക്കമില്ലായ്മക്ക് കാരണങ്ങള്‍ നിരവധിയുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്ന ബോധ്യമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആകുന്ന സ്ലീപ്മാക്‌സിങ്
ഉറക്കത്തിലേക്ക് പെട്ടെന്ന് വഴുതിവീഴുന്നതിന് പല ടെക്നിക്കുകളും കാലാകാലങ്ങള്‍ ആളുകള്‍ പരീക്ഷിക്കാറുണ്ട്. പൂജ്യം മുതല്‍ 100 വരെ എണ്ണി തീരുമ്പോഴെക്കും പണ്ടൊക്കെ ഉറക്കം പിടിക്കുമായിരുന്നു. ഇത് ഒരു തരത്തിലുള്ള സ്ലീപ്മാക്‌സിങ്ടെക്നിക്കാണ്. എന്നാല്‍ ഇന്ന് ഇത്തരം പ്രയോഗങ്ങളൊന്നും ഏല്‍ക്കാത്ത മട്ടാണ്.
ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സ്ലീപ്മാക്‌സിങ് ടെക്‌നിക് ഫലപ്രദമാണ്. എന്നാല്‍ ഈ ടെക്‌നിക്കില്‍ കുറച്ച് അപകട സാധ്യതയും ഒളിഞ്ഞു കിടപ്പുണ്ട്. ഉറക്കം ലഭിക്കാന്‍ പലരും അശാസ്ത്രീയ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കാം. ഉറക്കഗുളികകള്‍ മുതല്‍ മൗത്ത് ടേപ്പ് വരെയാണ് യുവതലമുറ സ്ലീപ്മാക്‌സിങ് ടെക്സിക്കുകളില്‍ ഉപയോഗിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയമാണ്.
ഉറങ്ങുമ്പോഴുള്ള കൂര്‍ക്കംവലി ഒഴിവാക്കുന്നതിനും ഉറക്കം പെട്ടെന്ന് വരുന്നതിനുമാണ് മൗത്ത് ടേപ്പ് ഉപയോഗിക്കുന്നത് എന്നാല്‍ ഇത് ഉത്കണ്ഠയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചിലരില്‍ ഓക്‌സിജന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ വരെ കാരണമാകാം. കൂടാതെ സ്ഥിരമായി ഉറക്കഗുളികകളെ ആശ്രയിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.