സഞ്ജു ഇന്ന് കളിക്കുമോ?; ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്

ഉദ്ഘാടന മത്സരത്തില്‍ ദുര്‍ബലരായ യുഎഇയ്ക്ക് മേല്‍ വന്‍ വിജയം നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം എല്ലാവരും കാത്തിരിക്കുന്നത് സഞ്ജു സാംസണ്‍ കളിക്കുമോ എന്ന് അറിയാനാണ്.

author-image
Biju
New Update
saa

ദുബായ്: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങാനിരിക്കുകയാണ്. ആതിഥേയരായ യുഎഇ ആണ് ഇന്ത്യയുടെ എതിരാളികള്‍. ഉദ്ഘാടന മത്സരത്തില്‍ ദുര്‍ബലരായ യുഎഇയ്ക്ക് മേല്‍ വന്‍ വിജയം നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം എല്ലാവരും കാത്തിരിക്കുന്നത് സഞ്ജു സാംസണ്‍ കളിക്കുമോ എന്ന് അറിയാനാണ്.

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച ഫോമിലുള്ള താരങ്ങളില്‍ മുന്നിലാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ 10 ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ആണ് സഞ്ജു അടിച്ചെടുത്തത്. അതിനാല്‍ തന്നെ സഞ്ജു പ്ലയിംഗ് ഇലവനില്‍ ഉണ്ടാകും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ഏഷ്യാ കപ്പ് ടീമിലേക്ക് ശുഭ്മാന്‍ ഗില്‍ വന്നത് ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി.

ടെസ്റ്റ് ക്യാപ്റ്റനായ ഗില്‍ വന്നത് ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തിനാണ് വെല്ലുവിളിയായത്. ഗില്‍ ടീമില്‍ വരുന്നതോടെ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ എന്നിവരില്‍ ഒരാള്‍ മാത്രമെ പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകൂ. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ജിതേഷ് ശര്‍മ്മയ്ക്ക് ഒരു അവസരം നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീണിട്ടുണ്ട്.

Also Read:

https://www.kalakaumudi.com/sports/afghanistan-vs-hong-kong-asia-cup-2025-highlights-afg-beat-hk-by-94-runs-10067511

അതേസമയം നായകന്‍ സൂര്യകുമാര്‍ യാദവിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം സഞ്ജു ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തിനിടെ സഞ്ജുവിന്റെ റോളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് ഒരു പുഞ്ചിരിയോടെ മറുപടി നല്‍കി: ''സര്‍, ഞാന്‍ നിങ്ങള്‍ക്ക് പ്ലെയിംഗ് ഇലവനെ മെസ്സേജ് ചെയ്യാം. നോക്കൂ, ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവനെ നന്നായി പരിപാലിക്കുന്നുണ്ട്. വിഷമിക്കേണ്ട, നാളെ ഞങ്ങള്‍ ശരിയായ തീരുമാനം എടുക്കും,' സൂര്യകുമാര്‍ പറഞ്ഞു.

എങ്കിലും വലിയ പ്രതീക്ഷ വേണ്ട എന്ന് വാദിക്കുന്നവരുമുണ്ട്. ഐസിസി അക്കാദമിയിലെ ഇന്ത്യയുടെ പരിശീലന സെഷനുകള്‍ പ്രകാരം സഞ്ജുവിന്റെ സാധ്യത കുറവാണ്. തിങ്കളാഴ്ചത്തെ അവസാന പരിശീലന റണ്ണില്‍ സാംസണ്‍ നേരത്തെ എത്തി വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിനായി ഗ്ലൗസ് ചെയ്ത് വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ബാറ്റിംഗ് റൊട്ടേഷന്‍സ് ആരംഭിച്ചുകഴിഞ്ഞപ്പോള്‍, ഒപ്റ്റിക്സ് മാറി.

ജിതേഷ് ശര്‍മ്മ, ശിവം ദുബെ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം താളത്തില്‍ ബാറ്റ് ചെയ്തു. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ പിന്നാലെ വന്നു. സാംസണ്‍ പാഡ് അപ്പ് ചെയ്തു ഷാഡോ-ബാറ്റ് ചെയ്യുകയായിരുന്നു. കീപ്പിംഗ് പരിശീലനത്തിനിടെ ഗൗതം ഗംഭീര്‍ അദ്ദേഹവുമായി ഒരു ഹ്രസ്വ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും കാണാമായിരുന്നു. സഞ്ജുവിന്റെ ഏറ്റവും വലിയ പിന്തുണക്കാരില്‍ ഒരാളാണെങ്കിലും ഗംഭീര്‍ നാളെ എന്ത് തീരുമാനമെടുക്കും എന്ന് കണ്ടറിയണം.

ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പുനഃസ്ഥാപിക്കുകയും ടോപ് സ്ഥാനത്തെത്തിക്കുകയും ചെയ്തതോടെ, ഇന്ത്യയുടെ ഇലവനില്‍ ഓപ്പണറായി സഞ്ജുവിന് സാധ്യത കുറഞ്ഞു. മധ്യനിരയില്‍ സഞ്ജുവിനെ മുന്‍പെ ജിതേഷുമെത്തും. ഏതായാലും ഇന്ന് ഇന്ത്യ യുഎഇക്കെതിരെ കളിക്കളത്തിലിറങ്ങുമ്പോള്‍, മാനേജ്‌മെന്റിന്റെ തീരുമാനം വ്യക്തമാകും.

ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷമാണ് പരിമിത ഓവറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളത്തില്‍ ഇറങ്ങുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ അവസാനം നടന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ ടീം കളിച്ചത്. അതിന് ശേഷം മറ്റ് മത്സരങ്ങള്‍ ഒന്നും തന്നെ പരിമിത ഓവറില്‍ ഇന്ത്യ കളിച്ചിട്ടുമില്ല. അതുകൊണ്ട് തെല്ലൊരു പരിഭ്രമത്തോടെയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത് തന്നെ പറയാം.

അതിനുള്ള പ്രധാന കാരണം ടി20യില്‍ കൃത്യമായ ഒരു വിജയ കോമ്പിനേഷനും പ്ലെയിങ് ഇലവനും ഒക്കെ ഇനി ഇന്ത്യ വീണ്ടും ഉണ്ടാക്കി എടുക്കേണ്ടി വരുമെന്നതാണ്. അവസാനം ടി20 ലോകകപ്പ് വിജയിച്ച ഇടത്ത് നിന്ന് ഇന്ത്യ ഏറെദൂരം മുന്നോട്ട് പോയിരിക്കുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞു കഴിഞ്ഞു. ഇനിയുള്ളത് എല്ലാം യുവതാരങ്ങളാണ്, അതില്‍ ആരെയൊക്കെ കൊള്ളും തള്ളും ഇന്ന് ഇനി കണ്ടറിയണം.

Also Read:

https://www.kalakaumudi.com/sports/at-40-still-rewriting-history-cristiano-ronaldo-matches-all-time-goal-record-in-world-cup-qualifier-10067521

ഇന്നത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇക്ക് എതിരെയാണ് കളിക്കുന്നത്. താരതമ്യേന ദുര്‍ബലരായ യുഎഇ എതിരാളികള്‍ ആയതിനാല്‍ ഇന്ത്യന്‍ ടീമിന് കൃത്യമായ കോമ്പിനേഷന്‍ കണ്ടെത്താന്‍ കൂടിയുള്ള അവസരമാണ് തേടി വരുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് നിര്‍ണായകമായ ആദ്യ മത്സരം നടക്കുന്നത്.

നിലവില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. അതില്‍ യുഎഇയെ കൂടാതെ പാകിസ്ഥാനും ഒമാനും ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കരുത്തരായ എതിരാളികള്‍ എന്ന് ഇന്ത്യയ്ക്ക് പറയാനുള്ളത് ആകെ പാകിസ്ഥാന്‍ മാത്രമാണ്. നായകന്‍ സൂര്യകുമാര്‍ യാദവും കോച്ചും ഗൗതം ഗംഭീറും ആരെയൊക്കെയാണ് ഇന്ന് കളത്തില്‍ ഇറക്കേണ്ടത് എന്ന ചിന്തയിലായിരിക്കും എന്നുറപ്പ്.

എന്നാല്‍ ഇന്ത്യയുടെ മുതിര്‍ന്ന താരം മുഹമ്മദ് ഷമിക്ക് അക്കാര്യത്തില്‍ സംശയമേ ഇല്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ആരൊക്കെ ആദ്യ ഇലവനില്‍ ഇറങ്ങണമെന്ന് കൃത്യമായ ധാരണയുണ്ട് താരത്തിന്. അതില്‍ പല മുന്‍നിര താരങ്ങളെയും പുറത്ത് ഇരുത്തി കൊണ്ട് തന്നെയാണ് ഷമി തന്റെ പ്ലെയിങ് ഇലവന്‍ യാതൊരു മടിയും കൂടാതെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പ്രധാന കാര്യം എന്തെന്നാല്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടമുണ്ടെന്നതാണ്. സഞ്ജുവിനെ അതും ഓപ്പണറായി തന്നെയാണ് ഷമി പരിഗണിച്ചിരിക്കുന്നത്. അഭിഷേക് ശര്‍മ്മയും സഞ്ജുവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യട്ടെ എന്നതാണ് ഷമിയുടെ പക്ഷം. അത് ഇടംകൈ-വലംകൈ കോമ്പിനേഷന്‍ നല്ല രീതിയില്‍ വര്‍ക്ക് ആവുമെന്നാണ് ഷമി പറയുന്നത്.

ഇനി മൂന്നാം നമ്പറില്‍ ഗില്‍ തന്നെ ഇറങ്ങണമെന്നാണ് ഷമി പറയുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ ടി20യില്‍ കൂടി മികവ് തെളിയിച്ചാല്‍ അതിലും നായക സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടയിലാണ് ഷമിയും ഗില്ലിനെ പിന്തുണയ്ക്കുന്നത്. തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരും മിഡില്‍ ഓര്‍ഡറില്‍ ഉണ്ടാവണമെന്ന് ഷമി പറയുന്നു.

ആറാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചിരിക്കുന്നു. ഏഴാം നമ്പറില്‍ അക്സര്‍ പട്ടേലും കളിക്കണം. ഇതോടെ യുവതാരം റിങ്കു സിംഗിന് ഷമിയുടെ പ്ലെയിങ് ഇലവനില്‍ ഇടമില്ലെന്ന കാര്യവും വ്യക്തമായി. സാഹചര്യം അനുസരിച്ച് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും തീരുമാനിക്കാമെന്നും ഷമി പറയുന്നു.

ഇക്കാര്യത്തില്‍ ഒരുപക്ഷേ കുല്‍ദീപിന് തന്നെയാവും ഷമി കൂടുതല്‍ പിന്തുണ കൊടുക്കുക എന്നുറപ്പാണ്. പ്രത്യേകിച്ച് താരത്തിന്റെ റെക്കോര്‍ഡുകള്‍ കണക്കില്‍ എടുക്കുമ്പോള്‍. ബൗളിംഗ് യൂണിറ്റിന്റെ കാര്യത്തില്‍ ഷമി കൃത്യമായി തീരുമാനം പറഞ്ഞിട്ടുണ്ട്. ജസ്പ്രീത് ബുമ്ര, ആര്‍ഷദീപ് സിംഗ് എന്നിവര്‍ക്ക് ഒപ്പം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നതാണ് ഷമിയുടെ സമ്പൂര്‍ണ പ്ലെയിങ് ഇലവന്‍.

asia cup cricket