ഗാസ ആക്രമണത്തിന് ഇസ്രായേലിന് എഐ സഹായം ഒരുക്കി : മൈക്രോ സോഫറ്റിന് എതിരെ പ്രതിഷേധിച്ച ജീവനക്കാരെ പുറത്താക്കി

മൈക്രോസോഫ്റ്റ് ഇസ്രായേല്‍ സൈന്യത്തിന് എ.ഐ ആയുധങ്ങള്‍ വില്‍ക്കുന്നു. അമ്പതിനായിരം പേര്‍ക്ക് വംശഹത്യയില്‍ ഇതിനോടകം ജീവന്‍ നഷ്ടമായി. മൈക്രോസോഫ്റ്റ് ഈ വംശഹത്യക്ക് ശക്തി പകരുകയാണെന്നും അബൂസാദ് പറഞ്ഞു.

author-image
Anitha
New Update
jeiyak

50-ാം വാര്‍ഷികപരിപാടിക്കിടെ കമ്പനിക്കെതിരെ പ്രതിഷേധിച്ച രണ്ട് ജീവനക്കാരെ മൈക്രോസോഫ്റ്റ് പുറത്താക്കി. ഇബ്തിഹാല്‍ അബുസാദ്, വനിയ അഗ്രവാള്‍ എന്നിവരെയാണ് കമ്പനി പുറത്താക്കിയത്. ഗാസ അക്രമണത്തില്‍ ഇസ്രയേലിന് നിര്‍മിതബുദ്ധി (എഐ) സാങ്കേതിക വിദ്യ നല്‍കുന്ന കമ്പനി നയത്തിനെതിരെയായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കമ്പനിയുടെ എഐ അസിസ്റ്റന്റുകളെ കുറിച്ചും ഭാവി എഐ നയങ്ങളെ കുറിച്ചും സംസാരിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി മുസ്തഫ സുലൈമാന്റൈ പ്രസംഗം തടസപ്പെടുത്തി ആയിരുന്നു ഇബ്തിഹാല്‍ അബുസാദിന്റെ പ്രതിഷേധം.

ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മുന്‍ മേധാവിമാരായ ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ പങ്കെടുത്ത ചോദ്യോത്തര പരിപാടിക്കിടെയായിരുന്നു വനിയ അഗ്രവാളിന്റെ പ്രതിഷേധം. ഇരുവരെയും അന്നുതന്നെ പരിപാടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

പെരുമാറ്റദൂഷ്യം ചൂണ്ടിക്കാട്ടിയാണ് ഇബ്തിഹാല്‍ അബുസാദിനെ പുറത്താക്കിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 11 ന് കമ്പനിയില്‍ നിന്ന് രാജിവെക്കുമെന്ന് വനിയ അഗ്രവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ വനിയയുടെ രാജിനടപടികള്‍ കമ്പനി പൂര്‍ത്തിയാക്കുകയായിരുന്നു.

'മുസ്തഫാ, താങ്കളെ കുറിച്ചോര്‍ത്ത് ലജജിക്കുന്നു' എന്ന് വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഇബ്തിഹാല്‍ അബുസാദിന്റെ പ്രതിഷേധം. നിര്‍മിതബുദ്ധി നല്ലതിനു വേണ്ടി വിനിയോഗിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു എന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍, മൈക്രോസോഫ്റ്റ് ഇസ്രായേല്‍ സൈന്യത്തിന് എ.ഐ ആയുധങ്ങള്‍ വില്‍ക്കുന്നു. അമ്പതിനായിരം പേര്‍ക്ക് വംശഹത്യയില്‍ ഇതിനോടകം ജീവന്‍ നഷ്ടമായി. മൈക്രോസോഫ്റ്റ് ഈ വംശഹത്യക്ക് ശക്തി പകരുകയാണെന്നും അബൂസാദ് പറഞ്ഞു.

മുസ്തഫയുടേയും മൈക്രോസോഫ്റ്റിന്റെയും കൈകളില്‍ രക്തക്കറ പുരണ്ടിരിക്കുന്നുവെന്നും ജീവനക്കാരി വിളിച്ചുപറഞ്ഞു. പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റേയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമായ കഫിയ, മുസ്തഫ നിന്നിരുന്ന വേദിയിലേക്ക് അബുസാദ് എറിയുകയും ചെയ്തു. പ്രതിഷേധത്തിന് പിന്നാലെ രണ്ട് ജീവനക്കാരുടേയും വര്‍ക്ക് അക്കൗണ്ടുകള്‍ കമ്പനി ബ്ലോക്ക് ചെയ്തിരുന്നു.

Microsoft gaza isreal