ലോകത്തിന്റെ 'ചാറ്റ്ജിപിടി തലസ്ഥാന'മായി ഇന്ത്യ

സര്‍വേ നടത്തിയ രാജ്യങ്ങളില്‍ ജപ്പാനാണ് ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെ, വെറും 6 ശതമാനം മാത്രം. ചാറ്റ്ജിപിടി ജപ്പാനില്‍ അത്ര പ്രചാരത്തിലല്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്.

author-image
Biju
New Update
cht gpt

ന്യൂഡല്‍ഹി: ഓപ്പണ്‍ എഐയുടെ എഐ ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിയുടെ ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ ബഹുദൂരം മുന്നിലെന്നു സര്‍വേ റിപ്പോര്‍ട്ട്. കൃത്രിമബുദ്ധിയെക്കുറിച്ചുള്ള ആഗോള പൊതുജനാഭിപ്രായം അറിയാനായി ടൊറന്റോ സര്‍വകലാശാല നടത്തിയ ജിപിഒ എഐ സര്‍വേയിലാണു കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ 36 ശതമാനം ഇന്ത്യക്കാരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നാണു രേഖപ്പെടുത്തിയത്.  

2023 അവസാനമാണ് സര്‍വേ നടത്തിയത്. ഇന്ത്യക്കാരില്‍ 36 ശതമാനം പേരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോള്‍ ആഗോളതലത്തില്‍ ഇത് വെറും 17 ശതമാനം മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള 39 ശതമാനം പേരും ആഴ്ചയില്‍ ഒരിക്കലെങ്കിലും ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരാണ്. 10 ശതമാനം പേര്‍ മാസത്തിലൊരിക്കല്‍ ഉപയോഗിക്കുമ്പോള്‍ 15 ശതമാനം പേര്‍ മാത്രമാണ് അപൂര്‍വമായി മാത്രം ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. 

Also Read:

https://www.kalakaumudi.com/technology/top-15-famous-ethical-hackers-in-india-to-know-in-2025-9728982

അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചിലി, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനീഷ്യ, ഇറ്റലി, ജപ്പാന്‍, കെനിയ, മെക്‌സിക്കോ, പാക്കിസ്ഥാന്‍, പോളണ്ട്, പോര്‍ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നും 1000 പേരെ വീതമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത 75 ശതമാനം പേരും എഐ ഭാവിക്ക് നല്ലതാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 

28 ശതമാനം പേര്‍ ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്ന പാക്കിസ്ഥാനാണ് പട്ടികയില്‍ രണ്ടാമത്. പാക്കിസ്ഥാനില്‍ 34 ശതമാനം പേര്‍ ആഴ്ചയില്‍ ഒരുതവണയെങ്കിലും ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ട്. കെനിയയില്‍ നിന്ന് പങ്കെടുത്തവരില്‍ 27 ശതമാനം പേരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നു. ചൈനയില്‍ 49 ശതമാനം പേരും ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത്. 24 ശതമാനം പേരാണ് ദിവസേന ഉപയോഗം. 

സര്‍വേ നടത്തിയ രാജ്യങ്ങളില്‍ ജപ്പാനാണ് ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെ, വെറും 6 ശതമാനം മാത്രം. ചാറ്റ്ജിപിടി ജപ്പാനില്‍ അത്ര പ്രചാരത്തിലല്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്. 

32 ശതമാനം പേരും ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 20 ശതമാനം പേര്‍ മാസത്തിലൊരിക്കലും 42 ശതമാനം പേര്‍ അപൂര്‍വമായുമാണ് ജപ്പാനില്‍ ചാറ്റ്ജിപിടി ഉപയോഗം. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, യുകെ, പോളണ്ട്, പോര്‍ചുഗല്‍ എന്നിവിടങ്ങളില്‍ 10 മുതല്‍ 12 ശതമാനം പേര്‍ മാത്രമാണ് ദിവസവും ചാറ്റ്ജിപിടിയിലെത്തുന്നത്. 

ചാറ്റ്ജിപിടിയെ കൂടാതെ മറ്റു നിരവധി ഐഎ ചാറ്റ്‌ബോട്ടുകളും നിലവില്‍ പ്രചാരത്തിലെത്തി ഉപയോഗക്രമത്തില്‍ മാറ്റമുണ്ടായിട്ടുണ്ടാകുമെങ്കിലും, ഒരു വര്‍ഷത്തിനു മുമ്പു നടത്തിയ ഈ സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത് എഐ പോലെയുള്ള ആധുനിക സങ്കേതങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് താല്‍പര്യമേറെയാണ് എന്നാണ്.

chat gpt