/kalakaumudi/media/media_files/2025/12/12/ernakulam-shiva-temple-2025-12-12-10-56-43.jpg)
കൊച്ചി: ചരിത്രപ്രസിദ്ധമായ എറണാകുളത്തപ്പന്റെ തിരുകൊടിയേറ്റ് 2026 ജനുവരി 23ന് നടക്കും. വിവിധ ചങ്ങുകള്‍ക്ക് ശേഷം 30ന് വെള്ളിയാഴ്ച ആറാട്ടോടെ മഹോത്സവം സമാപിക്കും.
നവംബര്‍ പതിനേഴിന് വൃശ്ചികം ഒന്നില്‍ ആരംഭിച്ച എറണാകുളം ശിവക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഈ മാസം 27ന് സമാപിക്കും. അന്ന് മഹാലക്ഷദ്വീപത്തോടെയായിരിക്കും മണ്ഡല മോത്സവത്തിന് സമാപനമാകുക. എറണാകുളം ശിവക്ഷേത്രത്തില്‍ ആദ്യമായാണ് ലക്ഷംദ്വീപ പ്രജ്വേലനം നടക്കുന്നത്. എറണാകുളം ശിവത്രത്തിലെ മണ്ഡല മഹോത്സവത്തിന് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും വന്‍ ഭക്തജനത്തിരാക്കാണ് അനുഭവപ്പെുന്നത്.
മെട്രോ സിറ്റിയുടെ ഹൃദയഭാഗത്ത് ആണെങ്കില്‍ക്കൂടി എറണാകുളത്തപ്പനെ തൊഴാനെത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്ന അനുഭൂതി മറ്റൊന്നാണ്. ഒരു പക്ഷെ ഈ തിരക്കിനിയിലും എറണാകുളത്ത് ശിവക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ ഭക്തര്‍ക്ക് ഇത്രയും ശാന്തിയും സമാധാനവും ലഭിക്കുന്ന അന്തരീക്ഷം മറ്റെവിടെയും ലഭിക്കില്ലെന്ന് തന്നെ പറയാം.
എറണാകുളം ശിവക്ഷേത്രം രാജഭരണകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രൗഢമാര്‍ന്നൊരിടം കൂടിയാണ്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന അന്തരീക്ഷവും അതിശയങ്ങളുമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്.
എറണാകുളം എന്നു പറയുമ്പോള്‍ ഇവിടുത്തുകാര്‍ക്ക് ആദ്യം ഓര്‍മ്മ വരിക എറണാകുളത്തപ്പനെ തന്നെയാണ്. കൊച്ചി കായലിനെ നോക്കി നില്‍ക്കുന്ന എണണാകുളത്തപ്പനെ മറന്നൊരു ദിനം ഇവര്‍ക്കില്ല. ശിവനെ തമിഴില്‍ ഇറയനാര്‍ എന്നാണ് പറയുന്നത് ഇറയനാറിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുളം ഇറയനാര്‍ കുളവും ആ സ്ഥലം കാലക്രമേണ എറനാകുളവുമായി മാറുകയായിരുന്നു.കൊച്ചി ദര്‍ഹാര്‍ ഹാളിനു സമീപത്തായാണ് എറണാകുളത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 1846 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഉഡുപ്പി മാധവ സമ്പ്രദായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹനുമാന്‍ ക്ഷേത്രം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.
എറണാകുളം ക്ഷേത്രം വാസ്തവത്തില്‍ മൂന്ന് ക്ഷേത്രങ്ങളടങ്ങിയ ഒരു ക്ഷേത്രസമുച്ചയമാണ്. ഏറ്റവും പ്രധാനപ്പെട്ടതായ ശിവക്ഷേത്രത്തിന് സമീപം കന്നഡശൈലിയിലുള്ള ഹനുമാന്‍ ക്ഷേത്രവും തമിഴ് ശൈലിയിലുള്ള സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. എങ്കിലും മൂന്ന് ക്ഷേത്രങ്ങളും സ്വതന്ത്രമായിത്തന്നെ നിലനിന്നുപോരുന്നു. മകരമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങള്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രഭരണം.
ദ്വാപരയുഗത്തില്‍ കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തില്‍ തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന് ദേവലന്‍ എന്ന പേരില്‍ ഒരു ശിഷ്യനുണ്ടായിരുന്നു. ഒരിക്കല്‍ കുലുമുനി നടത്താന്‍ നിശ്ചയിച്ച ഹോമത്തിന് പൂജാദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ ദേവലനും സഹപാഠികളും കൂടി കാട്ടിലേക്കുപോയി. പോകുന്ന വഴിക്കുവച്ച് അവര്‍ ഒരു പാമ്പിനെ കണ്ടു. അതിനെ കണ്ടപ്പോള്‍ത്തന്നെ മറ്റു ശിഷ്യന്മാരെല്ലാം പേടിച്ച് ഓടിപ്പോയി ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു. എന്നാല്‍ ദേവലനാകട്ടെ അടുത്തുകണ്ട ഒരു കാട്ടുവള്ളി കണ്ട് അതുകൊണ്ട് കുരുക്കിട്ടുപിടിച്ച് പാമ്പിനെ കൊന്നു. സഹപാഠികളില്‍ നിന്ന് വിവരമറിഞ്ഞ കുലുമുനി ദേവലനെ ശപിച്ചു: 'പാമ്പിനെ കൊന്ന നീ പാമ്പിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയായി മാറട്ടെ'. ഇതുകേട്ട ദേവലന്‍ ശാപമോക്ഷം അഭ്യര്‍ത്ഥിച്ചപ്പോള്‍ ശാന്തനായ കുലുമുനി അവന് ശാപമോക്ഷം കൊടുത്തു: 'ഇവിടെനിന്ന് കിഴക്ക് ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടില്‍ നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്.
Also Read:
ഈ വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണദിക്കിലേക്ക് പോകുക. ഒരു സ്ഥലത്ത് വച്ച് നീ പൂജ ചെയ്യുമ്പോള്‍ ആ വിഗ്രഹം അവിടെ ഉറച്ചുപോകും. അവിടെ വച്ച് നീ ശാപമോചിതനാകും.' ശാപം കാരണം ദേവലന്‍ നാഗര്‍ഷി എന്നുപേരായ ഒരു നാഗമായി മാറി. നാഗര്‍ഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക് യാത്രയായി. യാത്രക്കിടയില്‍ ഒരുപാട് സ്ഥലങ്ങള്‍ നാഗര്‍ഷി സന്ദര്‍ശിച്ചു. എറണാകുളത്തെത്തിയപ്പോള്‍ നാഗര്‍ഷി വൃക്ഷത്തണലില്‍ വിഗ്രഹത്തെ വച്ചിട്ട് അടുത്തുള്ള കുളത്തിലിറങ്ങി കുളിച്ച് വന്ന് പൂജ ചെയ്തു. രാവിലെ കുളക്കടവില്‍ കുളിക്കാന്‍ എത്തിയവര്‍ ഒരു ഭീകരജീവി നടത്തുന്ന പൂജ കണ്ട് ഭയന്ന് ആളുകളെ വിളിച്ചുകൂട്ടി. അവരെത്തി നാഗര്‍ഷിയെ ഉപദ്രവിക്കുവാന്‍ തുടങ്ങിയതോടെ ശിവലിംഗവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച നാഗര്‍ഷിക്ക് ശിവലിംഗം അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. ശിവലിംഗത്തിന് മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തി നാഗര്‍ഷി ശാപമോചിതനായി. കുളികഴിഞ്ഞുവന്ന നാട്ടുകാര്‍ ദേശാധിപനായ തൂശത്തുകൈമളെ ഈ വിവരം അറിയിക്കുകയും ശിവലിംഗം ഇരുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിക്കുകയും ചെയ്തു. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ എറണാകുളം മഹാശിവക്ഷേത്രം.
ക്ഷേത്രത്തിന്റെ രണ്ടുഭാഗത്തും ഗോപുരങ്ങളുണ്ട്. കായലിനോടുചേര്‍ന്ന് മറൈന്‍ ഡ്രൈവ് റോഡ് കടന്നുപോകുന്നു. റോഡിന്റെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ കവാടം കാണാം. റോഡില്‍ നിന്ന് ക്ഷേത്രഗോപുരം വരെ ഏകദേശം നൂറുമീറ്റര്‍ ദൂരം കാണും. ക്ഷേത്രകവാടത്തിനകത്താണ് വാഹന പാര്‍ക്കിങ്ങ്. ഇരുനിലകളോടുകൂടിയ പടിഞ്ഞാറേ ഗോപുരം വലിയ അലങ്കാരപ്പണികളൊന്നുമില്ലെങ്കിലും ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് ആദ്യമെത്തുന്നത് ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ചാനകളെ വച്ച് എഴുന്നള്ളി ക്കാം. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവാന്റെ വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന സ്വര്‍ണ്ണക്കൊടിമരമുള്ളത്. ഏകദേശം എഴുപതടി ഉയരം വരുന്ന ഈ കൊടിമരം പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. കൊടിമരത്തിനപ്പുറം ബലിക്കല്‍പ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു സാമാന്യം. വലിപ്പമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. എന്നാല്‍ പുറത്തുനിന്നുള്ള ദര്‍ശനത്തിന് അത് തടസ്സമല്ല. ബലിക്കല്‍പ്പുരയുടെ മച്ചില്‍ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്
വടക്കുകിഴക്കേമൂലയില്‍ പ്രത്യേകം ശ്രീകോവിലില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. മുഖപ്പോടുകൂടിയ ശ്രീകോവിലാണിത്. അയ്യപ്പന്റെ വിഗ്രഹം സാധാരണപോലെത്തന്നെ. ഇവിടെനിന്ന് ഒരല്പം മാറിയാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠയും. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടങ്ങുന്നതാണ് പ്രതിഷ്ഠ.
ക്ഷേത്രമതിലകത്തിന് പുറത്ത് വടക്കുകിഴക്കുഭാഗത്താണ് ഐതിഹ്യപ്രസിദ്ധമായ ക്ഷേത്രക്കുളം. 'ഋഷിനാഗക്കുളം' എന്നറിയപ്പെടുന്ന ഈ ക്ഷേത്രക്കുളത്തിലാണത്രേ പൂജക്കുമുമ്പ് നാഗര്‍ഷി കുളിച്ചത്. അതാണ് ഈ പേരിന്റെ കാരണമെന്ന് പറയപ്പെടുന്നു. ഈ കുളത്തില്‍ തന്നെയാണ് ഉത്സവാവസാനം ഭഗവാന്റെ ആറാട്ടു നടക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വാതില്‍ അടച്ചിട്ടിരിക്കുകയാണ്. ആദിയില്‍ കിഴക്കോട്ട് ദര്‍ശനമായിരുന്നു ഭഗവാന്‍ എന്നതിന്റെ സൂചനകള്‍ ചിലത് കാണിച്ചുതരുന്നുണ്ട് ഈ വാതില്‍. അത്യുഗ്രമൂര്‍ത്തിയായ ഭഗവാന്റെ കോപം കാരണം കിഴക്കുഭാഗത്ത് അഗ്‌നിബാധ പതിവായപ്പോള്‍ വില്വമംഗലം സ്വാമിയാര്‍ ഭഗവാന്റെ ദര്‍ശനം പടിഞ്ഞാറോട്ട് തിരിക്കുകയായിരുന്നു എന്നാണ് കഥ. എന്നാല്‍, ഭഗവാനോടൊപ്പം കുടികൊള്ളുന്ന പാര്‍വ്വതീദേവി ഇന്നും കിഴക്കോട്ട് ദര്‍ശനമായിത്തന്നെ കുടികൊള്ളുന്നു.
ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് എറണാകുളത്തപ്പന്‍ ഹാളിന്റെ തൊട്ടടുത്തായി തമിഴ്‌നാട് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട മറ്റൊരു ക്ഷേത്രം കാണാം. വള്ളീ-ദേവയാനീസമേതനായ സുബ്രഹ്മണ്യസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാന്‍ വെങ്കടസ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിര്‍മ്മാണശൈലിയിലും പൂജാവിധികളിലുമെല്ലാം തമിഴ് സ്വാധീനം പുലര്‍ത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്നു. ഗണപതി, ദക്ഷിണാമൂര്‍ത്തി, മഹാവിഷ്ണു, ദുര്‍ഗ്ഗാദേവി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും അതുമായി എടുത്തുപറയത്തക്ക ബന്ധമൊന്നും ഈ ക്ഷേത്രത്തിനില്ല.
കിഴക്കേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി കര്‍ണാടക ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട മറ്റൊരു ചെറുക്ഷേത്രം കാണാം. ശ്രീഹനുമാന്‍ സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തോടുചേര്‍ന്ന് ഒരു അരയാല്‍ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളില്‍ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയില്‍ ശിവനും കുടിയിരിക്കുന്നു. അതായത് അരയാല്‍ ത്രിമൂര്‍ത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഹനുമാന്‍ ക്ഷേത്രത്തിനും സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പഴക്കമേയുള്ളൂ. ഇതാകട്ടെ, എറണാകുളത്തെ തുളു മാധ്വബ്രാഹ്മണരുടെ ആഗ്രഹമനുസരിച്ച് അവരിലൊരാളായിരുന്ന കൊച്ചി ദിവാന്‍ വെങ്കട്ടറാവു പണികഴിപ്പിച്ചതാണ്. കന്നഡ മാധ്വസമ്പ്രദായമനുസരിച്ചാണ് ഇവിടെ പൂജകള്‍ നടക്കുന്നത്. ഇത്തരത്തില്‍ പൂജകള്‍ നടക്കുന്ന ക്ഷേത്രങ്ങളില്‍ ശ്രീകൃഷ്ണന്‍ മുഖ്യപ്രതിഷ്ഠയായി വരാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പ്രധാനപ്രതിഷ്ഠയായ ഹനുമാന്‍ സ്വാമി പടിഞ്ഞാറോട്ട് ദര്‍ശനമായിരിക്കുന്നു. ഹനുമാനോടൊപ്പം ഇവിടെ ശ്രീരാമനും പ്രതിഷ്ഠയുണ്ട്. ഉപദേവതകളായി നാഗദൈവങ്ങളും രാഘവേന്ദ്രസ്വാമികളും കുടികൊള്ളുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും അതുമായി എടുത്തുപറയത്തക്ക ബന്ധമൊന്നും ഈ ക്ഷേത്രത്തിനില്ല.
Also Read:
https://www.kalakaumudi.com/astrology/lord-vishnu-avatar-lord-mohini-10800549
സാമാന്യം വലിപ്പമുള്ള വട്ടശ്രീകോവിലാണ് എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലേത്. ഏകദേശം നൂറടി ചുറ്റളവ് ഈ ശ്രീകോവിലിനുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലിന്റെ മേല്‍ക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളില്‍ സ്വര്‍ണ്ണത്താഴികക്കുടം ശോഭിച്ചുനില്‍ക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയില്‍ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗര്‍ഭഗൃഹം. രണ്ടരയടിയോളം പൊക്കമുള്ള ശിവലിംഗം പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാല്‍ ഭാഗവും മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവന്‍ ആവാഹിച്ചുകൊണ്ട് തിരുവെറണാകുളത്തപ്പന്‍, ശിവലിംഗമായി ശ്രീലകത്ത് വിരാജിക്കുന്നു.
മറ്റു മഹാക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടത്തെ ശ്രീകോവിലില്‍ ചിത്രശില്പകലാവൈദഗ്ദ്ധ്യത്തിന്റെ ശേഷിപ്പുകളൊന്നും തന്നെ ഏറ്റുവാങ്ങിയിട്ടില്ല. തികച്ചും ലളിതമായ നിര്‍മ്മിതിയാണ്. സാധാരണയായി കാണാറുള്ള മിനുക്കുപണികള്‍ പോലും ഇവിടെയില്ലെന്നതാണ് വാസ്തവം. വടക്കുവശത്ത്, ശ്രീകോവിലിന്റെ ഓവ് മനോഹരമായി നിര്‍മ്മിച്ചിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാല്‍ ഓവിനപ്പുറം പ്രദക്ഷിണം പാടില്ല.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിക്കുന്നു. താരതമ്യേന സ്ഥലം കുറവാണ് നാലമ്പലത്തിനകത്ത്. എങ്കിലും പ്രദക്ഷിണം നിര്‍ബാധം നടത്താം. നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതില്‍മാടങ്ങള്‍ കാണാം. തെക്കേ വാതില്‍മാടം ഹോമങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നു. പ്രധാന ശ്രീകോവിലിന്റെ നേരെ വടക്കായി കിരാതമൂര്‍ത്തി കുടികൊള്ളുന്നു. ശിവഭഗവാന്റെ മറ്റൊരു ഭാവമാണ് കിരാതമൂര്‍ത്തി. അര്‍ജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നല്‍കിയ ഭാവത്തിലാണ് ഈ മൂര്‍ത്തി കുടികൊള്ളുന്നത്. പ്രധാന ശിവപ്രതിഷ്ഠയുടെ അതേ പ്രാധാന്യമാണ് ഇതിനും നല്‍കിവരുന്നത്. തെക്കുകിഴക്കേമൂലയില്‍ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയില്‍ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയില്‍ കിഴക്കോട്ട് ദര്‍ശനമായി ഗണപതിഭഗവാന്‍ കുടികൊള്ളുന്നു. സാധാരണ ക്ഷേത്രങ്ങളിലേതുപോലെയാണ് ഇവിടെയും ഗണപതിയുടെ പ്രതിഷ്ഠാരീതിയും മറ്റും.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിക്കുന്നു. അഷ്ടദിക്പാലകര്‍ (പടിഞ്ഞാറ് - വരുണന്‍, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരന്‍, വടക്കുകിഴക്ക് - ഈശാനന്‍, കിഴക്ക് - ഇന്ദ്രന്‍, തെക്കുകിഴക്ക് - അഗ്‌നി, തെക്ക് - യമന്‍, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കള്‍ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രന്‍, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍, ബ്രഹ്മാവ്, അനന്തന്‍, ദുര്‍ഗ്ഗാദേവി, നിര്‍മ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരന്‍) എന്നിവരെ പ്രതിനിധീകരിക്കുന്ന ബലിക്കല്ലുകള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവയില്‍ ബലിതൂകുന്നു. ബലിക്കല്ലുകള്‍ ദേവന്റെ വികാരമൂര്‍ത്തികളാണെന്നാണ് വിശ്വാസം. അതിനാല്‍ അവയില്‍ ചവിട്ടാനോ തൊട്ട് തലയില്‍ വയ്ക്കാനോ പാടില്ല.
ശ്രീകോവിലിന്റെ നേരെ മുന്നിലായി ചതുരാകൃതിയില്‍ നമസ്‌കാരമണ്ഡപം സ്ഥിതിചെയ്യുന്നു. നാലുകാലുകളോടുകൂടിയ താരതമ്യേന ചെറിയ മണ്ഡപമാണിതെന്നതിനാല്‍ പ്രദക്ഷിണത്തിന് നന്നേ ബുദ്ധിമുട്ടുണ്ട്. മണ്ഡപത്തിന്റെ മേല്‍ക്കൂരയും ചെമ്പുമേഞ്ഞതാണ്. ഇതിന്റെ മുകളിലും സ്വര്‍ണ്ണത്താഴികക്കുടം കാണാം. മണ്ഡപത്തിന്റെ മച്ചില്‍ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളില്‍ മറ്റുചില ദേവ-ബ്രാഹ്മണരൂപങ്ങളും കാണാം. മണ്ഡപത്തിന്റെ കിഴക്കുഭാഗത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു പ്രതിമയുണ്ട്. ഭക്തര്‍ ഈ നന്ദിയുടെ ചെവിയില്‍ ആഗ്രഹങ്ങള്‍ പറയുന്നത് സ്ഥിരം കാഴ്ചയാണ്. നന്ദിയോട് ആഗ്രഹങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം അവ ഭഗവാനോട് പറയുമെന്നാണ് വിശ്വാസം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
