ശങ്കരാടി, ഒടുവില്‍, ഇന്നസെന്റ്, ശ്രീനിവാസന്‍; മറക്കാനാവാത്ത സൗഹൃദത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട്

മണ്‍മറഞ്ഞ തന്റെ പ്രിയപ്പെട്ട അഭിനേതാക്കളായ ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, ശ്രീനിവാസന്‍ എന്നിവരെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സത്യന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

author-image
Biju
New Update
sathyan

ഏറെ നാളുകള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ വന്‍ തരിച്ചുവരവ് നടത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഹൃദയപൂര്‍വ്വം വന്‍ ഹിറ്റായതോടെ നിരവധി അഭിമുഖങ്ങളില്‍ തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് സത്യന്‍ അന്തിക്കാട്. 

മണ്‍മറഞ്ഞ തന്റെ പ്രിയപ്പെട്ട അഭിനേതാക്കളായ ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, ശ്രീനിവാസന്‍ എന്നിവരെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സത്യന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

'വയല്‍ വരമ്പിലൂടെ കുടയും ചൂടി ഒരു മനുഷ്യന്‍ നടന്നുവരുന്നു എന്ന് എഴുതുമ്പോള്‍ ശങ്കരാടിയുടെ മുഖമല്ലാതെ മറ്റാരുടെ മുഖമാണ് മനസ്സിലേക്ക് വരിക?' എന്ന് സത്യന്‍ അന്തിക്കാട് ചോദിച്ചു. തന്റെ വീട്ടിലെ ഒരു കാരണവരെപ്പോലെയായിരുന്നു ശങ്കരാടി. കല്യാണമുള്‍പ്പെടെയുള്ള തന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പഴയകാലത്ത് സിനിമയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കല്യാണം അടക്കമുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു. പക്ഷേ ശങ്കരാടിയുടെ ഇടപെടല്‍ എന്റെ കല്യാണത്തിന് കാരണമായിട്ടുണ്ട്.

പഴയ സിനിമകള്‍ കാണുമ്പോഴാണ് ശങ്കരാടിയുടെ സ്വാഭാവികമായ അഭിനയത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ സാധിക്കുകയെന്നും കഥാപാത്രമായി ഇത്രയധികം ഇഴുകിച്ചേരാന്‍ സാധിക്കുന്ന മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ല. ശങ്കരാടി എന്ന നടന്റെ മഹത്വം ഇവിടെ പലര്‍ക്കും മനസ്സിലായതുമില്ല.

Also Read:

https://www.kalakaumudi.com/movies/hrydayapoorvam-malayalam-movie-reviw-9763481


ശങ്കരാടിയെ പോലെ തന്നെയാണ് ഒടുവില്‍ ഉണ്ണികൃഷ്ണനും. അദ്ദേഹത്തിന് എന്നെ ഭയമായിരുന്നു, അതായത് സ്‌നേഹത്തോട് കൂടിയുള്ള ഒരു പേടിയില്ലേ...അതു പോലെ. എന്റെ കുടുംബത്തിലെ ഒരംഗം. എനിക്ക് ഒരല്പം സ്വാതന്ത്ര്യം അദ്ദേഹത്തോട് കൂടുതല്‍ ഉണ്ടായിരുന്നു. എന്റെ കൈവെള്ളയിലാണ് അദ്ദേഹമെന്ന് വേണമെങ്കില്‍ പറയാം.

ഞാന്‍ പറഞ്ഞാല്‍ എന്തും അദ്ദേഹം അനുസരിക്കുമായിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന് അസാധ്യ ഹ്യൂമര്‍ സെന്‍സ് ആണ്. എന്റെ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ഒരുപാട് തമാശകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

ഏറ്റവുമധികം സംസാരിച്ചതും അടുത്തിടപഴകിയതും ഇന്നസെന്റുമായിട്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് വികാരഭരിതനായി. 'അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയാതെ തരമില്ല. എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കില്‍ ഇന്നസെന്റിനോട് വിളിച്ച് സംസാരിക്കും. 

അദ്ദേഹത്തിന്റെ കൈയില്‍ എല്ലാത്തിനും ഉള്ള സൊലൂഷന്‍ ഉണ്ട്. ഇന്നസെന്റിന്റെ ഫോണ്‍ കോള്‍ വരാത്ത ഒരു പ്രഭാതം പോലും എനിക്ക് ഉണ്ടായിരുന്നില്ല. സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വിളി എത്തും. എന്റെ എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന് ഒരു വേഷം കരുതി വച്ചിട്ടുണ്ടായിരുന്നു. ചില സിനിമകളില്‍ അദ്ദേഹം തന്നെ ഇങ്ങോട്ട് പറഞ്ഞ് പിന്മാറും. 

നമുക്ക് എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും ഇന്നസെന്റിനോട് ചോദിക്കാം. എട്ടാം ക്‌സാസ് വരെയേ അദ്ദേഹം പഠിച്ചിട്ടുള്ളുവെങ്കിലും ഞാന്‍ പറയും മലയാള സിനിമയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മനുഷ്യന്‍ ഇന്നസെന്റ് ആണെന്ന്. പലപ്പോഴും പല സിനിമകളും എഴുതുന്ന സമയത്ത് സ്റ്റക്കായി നില്‍ക്കുകയാണെങ്കില്‍ ഞാന്‍ ഇന്നസെന്റിനെ വിളിക്കും. ആ കഥ പിന്നീട് എങ്ങനെ പോകണം എന്ന് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഇന്നസെന്റ് നല്‍കും. 

ഈ ലോകത്തെ ഏതു കാര്യത്തെപ്പറ്റിയും ആധികാരികമായും പ്രായോഗികമായും സംസാരിക്കാനുള്ള ഇന്നസെന്റിന്റെ കഴിവ് അപാരമാണ്. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ഭീം സിംഗ് കാ ബേട്ടാ രാം സിംഗ് എന്ന് പേരിട്ടത് ഇന്നെസെന്റ് ആയിരുന്നു.

പ്രിയദര്‍ശന്‍ സിനിമയായ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയുടെ കഥാപാത്രത്തിന് കാര്‍ത്തുമ്പി എന്ന പേരിട്ടതും ഇന്നസെന്റ് ആയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ശ്രീനിവാസന്റെ ബുദ്ധി പഴയതിനേക്കാള്‍ ഷാര്‍പ്പാണ്. തനിക്ക് 'സന്ദേശം' പോലുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത് ശ്രീനിവാസന്‍ എന്ന സുഹൃത്ത്, നടന്‍, തിരക്കഥാകൃത്ത് എന്നൊരാള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. 

ശ്രീനിവാസന്‍ എന്ന കലാകാരനെ ഒരു എഴുത്തുകാരന്‍ എന്നുള്ള രീതിയില്‍ മലയാളി ഇപ്പോഴും അംഗീകരിച്ചിട്ടില്ല എന്ന് എനിക്ക് അഭിപ്രായമുണ്ട്. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശം സിനിമയിലെ ഹിറ്റ് ഡയലോഗ് ആ സീന്‍ എടുക്കാന്‍ വേണ്ടി ലൈറ്റപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്റെ മുന്നില്‍വച്ച് അപ്പോള്‍ എഴുതിയ ഡയലോഗ് ആണ്. 

പുള്ളിക്ക് ലൊക്കേഷനിലെ ജനറേറ്ററിന്റെ പുക അടിച്ചു മൂക്കിലേക്ക് കയറണം എന്നാല്‍ മാത്രമാണ് ഭാവന വരിക എന്ന് തോന്നുന്നു. ശ്രീനിവാസനെ ഒരു തമാശ നടനായി മാത്രമാണ് നമ്മുടെ പ്രേക്ഷകരും സിനിമാ നിരൂപകരും മാധ്യമങ്ങളും വിലയിരുത്തിയിരിക്കുന്നത്. ഒരു എഴുത്തുകാരന് കിട്ടേണ്ട പ്രാധാന്യം ശ്രീനിവാസന് ഇതുവരെയും ലഭിച്ചിട്ടില്ല.

ശ്രീനിവാസനെ കുറിച്ച് പറയുമ്പോള്‍ അത് ശ്രീനിവാസന്‍ അല്ലേ... എന്ന് നിസ്സാരവല്‍ക്കരിക്കുകയാണ് പലപ്പോഴും സംഭവിക്കുക. വളരെ നൈസര്‍ഗികമായ ഭാഷയില്‍ സാമൂഹിക വിഷയങ്ങളെ ആഴത്തില്‍ പഠിച്ച് സിനിമകള്‍ എഴുതിയ തിരക്കഥാകൃത്തുക്കള്‍ മലയാളത്തില്‍ ഇല്ല എന്ന് വേണം പറയാന്‍. പത്മരാജന് ശേഷം പച്ചയായ ജീവിതം തിരശ്ശീലയില്‍ എത്തിച്ച തികഞ്ഞ എഴുത്തുകാരനാണ് എന്റെ കാഴ്ചപ്പാടില്‍ ശ്രീനിവാസന്‍. ശ്രീനിവാസനെ നടന്‍ എന്നതിലുപരി ഒരു എഴുത്തുകാരനായി കേരള ജനത ആഘോഷിക്കപ്പെട്ടിട്ടില്ല.

ചിലപ്പോള്‍ ഇനി വരാനിരിക്കുന്ന തലമുറ ശ്രീനിവാസനെ തിരക്കഥാകൃത്ത് എന്നുള്ള രീതിയില്‍ കൃത്യമായി പരിഗണിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം അസുഖബാധിതനായിരിക്കുന്ന സമയത്ത് അവസാനമായി എഴുതിയ സിനിമയാണ് എന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍. ആ സിനിമ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. അതായത് അനാരോഗ്യസമയത്ത് മനസ്സ് പോലും കൃത്യമായി ജോലി ചെയ്യാതിരിക്കുമ്പോള്‍ എഴുതിയ സിനിമ മലയാളി ആഘോഷിച്ചു.

Also Read:

https://www.kalakaumudi.com/movies/mohanlal-sathyan-anthikkad-movie-hridayapoorvam-review-9761166

മലയാളി നിത്യജീവിതത്തില്‍ എടുത്തു പ്രയോഗിക്കുന്ന പല ഹിറ്റ് ഡയലോഗുകളും ശ്രീനിവാസന്‍ വളരെ എഫര്‍ട്ട് ലെസ്സ് ആയി എഴുതിയ ഡയലോഗുകള്‍ ആണ്. ഒരു എഴുത്തുകാരന്‍ എന്നുള്ള രീതിയില്‍ ശ്രീനിവാസനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഇവിടെ സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീനിവാസന്റെ എഴുത്തുകള്‍ ഒരിക്കലും മായം കലര്‍ന്നതല്ല. എഴുതാന്‍ വേണ്ടി എഴുതിയതും അല്ല. വളരെ നാച്ചുറല്‍ ആയാണ് അയാള്‍ക്ക് ഭാഷ വരിക. നര്‍മബോധം അസാധ്യം.

ഞാനൊരു അനുഭവം വിശദീകരിക്കാം. ശ്രീനിവാസന്റെ ശബ്ദം പോലും പുറത്തേക്ക് വരാതിരുന്ന കുറച്ചു നാളുകള്‍ ഉണ്ടായിരുന്നു. അതീവ ക്ഷണിതന്‍. അങ്ങനെയിരിക്കെ എറണാകുളത്തു നിന്നും കണ്ണൂരിലേക്കുള്ള യാത്രയില്‍ ശ്രീനിവാസനും കുടുംബവും അന്തിക്കാടുള്ള എന്റെ വീട്ടില്‍ വന്നു. ശ്രീനിവാസന്‍ വന്നു എന്നറിഞ്ഞ് നാട്ടുകാരില്‍ ചിലരും ചില രാഷ്ട്രീയ പ്രവര്‍ത്തകരും എന്റെ വീട്ടില്‍ ഒത്തുകൂടി. 

ഒത്തുകൂടിയവരില്‍ ഒരു വനിത കുശലാന്വേഷണത്തിന്റെ ഭാഗമായി ശ്രീനിവാസനോട് ചോദിച്ചു അല്ല ശ്രീനിയേട്ടാ അസുഖമൊക്കെ എങ്ങനെയുണ്ട്? ഉരുളയ്ക്ക് ഉപ്പേരി പോലെ ശ്രീനിവാസന്റെ മറുപടി. അസുഖമൊക്കെ വളരെ നന്നായി മുന്നോട്ടു പോകുന്നു...ഇങ്ങനെ സംസാരിക്കാനും ചിന്തിക്കാനും എഴുതാനും മലയാളത്തില്‍ ഇപ്പോള്‍ ശ്രീനിവാസന് മാത്രമേ സാധിക്കുകയുള്ളൂവെന്നും സത്യന്‍ അഭിമുഖത്തില്‍ പറഞ്ഞു.