/kalakaumudi/media/media_files/2025/09/21/cpi-2025-09-21-16-26-31.jpg)
ചണ്ഡിഗഡ്: പാര്‍ട്ടിയില്‍ മുരടിപ്പെന്ന് 25ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. 32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ചില നേതാക്കള്‍ ഒരേ പദവിയില്‍ നിന്ന് മാറാതിരിക്കുകയാണെന്നും ഇത് പാര്‍ട്ടിയുടെ ഊര്‍ജ്ജം കെടുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.
യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റു പാര്‍ട്ടികളിലെ 'അന്യ പ്രവണതകള്‍' സിപിഐയിലും കൂടിവരുകയാണെന്നും ചിലര്‍ പാര്‍ട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും മത്സരിക്കാന്‍ സീറ്റു കിട്ടാത്തവര്‍ പാര്‍ട്ടി വിടുകയാണെന്നും വിമര്‍ശനമുണ്ട്. സ്ഥാനങ്ങളില്‍ നിന്ന് മാറിയാല്‍ പാര്‍ട്ടിയെ അപമാനിക്കുന്നു.
Also Read:
പുരുഷ മേധാവിത്വ പ്രവണത പാര്‍ട്ടിയിലുണ്ട്.സ്ത്രീകള്‍ക്ക് അധികാരം നല്കാന്‍ പാടില്ലെന്ന ചിന്ത പാര്‍ട്ടിയിലുണ്ടെന്നും ഫണ്ട് പിരിവില്‍ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് കേരളത്തില്‍ ഫണ്ട് പിരിവെന്നും റിപ്പോര്‍ട്ടിലുണ്ട്.എപ്പോഴും വലിയ പാര്‍ട്ടികളെയും സഖ്യത്തെയും ആശ്രയിക്കരുതെന്നും സ്വന്തം ശക്തി കൂട്ടാനും സഖ്യമില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കാനും തയ്യാറാകണമെന്നും വിമര്‍ശനമുണ്ട്.
പൊതുസമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സംസാരിച്ചു. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനെ നേരിടുമെന്ന് ഡി രാജ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, സിപിഐ ഇരുപത്തഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുമ്പോള്‍ നേതൃമാറ്റം പ്രധാന ചര്‍ച്ചയായി മാറുകയാണ്.
Also Read:
പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുമ്പായി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡി. രാജ മാറണം എന്ന നിലപാട് കേരള ഘടകം പരസ്യമാക്കി. പ്രായപരിധി ആര്‍ക്ക് വേണ്ടിയും ഇളവ് ചെയ്യാന്‍ ആവില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രാവിലെ പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്ന് ഡി രാജയെ അനുകൂലിക്കുന്നവര്‍ തിരിച്ചടിച്ചു.
എഴുപത്തഞ്ച് വയസ് പ്രായപരിധി പിന്നിട്ട ഡി രാജ ഈ മാനദണ്ഡം നിര്‍ബന്ധമല്ല എന്നാണ് വാദിക്കുന്നത്. എന്നാല്‍ ഇത് നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ചത് ആണെന്നും വ്യക്തിയെ നോക്കി ഇളവ് പറ്റില്ലെന്നുമാണ് കേരള ഘടകം പരസ്യമായി തന്നെ വാദിക്കുകയാണ്. സംസ്ഥാന ഘടകത്തിലെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ബിനോയ് വിശ്വത്തിന്റെ നിലപാട് ആവര്‍ത്തിച്ചു.
എന്നാല്‍ യുപി, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യന്‍ ഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ഡി രാജയുടെ നീക്കം. പ്രായ പരിധിയെ കുറിച്ച് സമ്മേളനത്തിന് പുറത്ത് അഭിപ്രായം പറയുന്നതിലെ അതൃപ്തി ആനി രാജ പ്രകടിപ്പിച്ചു. ചരിത്രപരമായ പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കുമെന്നും ജനന്‍സെക്രട്ടറിയെ തീരുമാനിക്കേണ്ടത് പ്രതിനിധികള്‍ തീരുമാനിക്കുമെന്നും പുറത്ത് നിന്നല്ല തീരുമാനം പറയേണ്ടതെന്നും ആനി രാജ പറഞ്ഞു. ഭരണഘടന പ്രകാരം തന്നെ തീരുമാനം എടുക്കും. കേരളത്തില്‍ നിന്നും കശ്മീരില്‍ നിന്നും വരുന്നവര്‍ക്ക് ഒരേ ഭരണ ഘടനയാണെന്നും ആനി രാജ പറഞ്ഞു.
നാളെ തുടങ്ങുന്ന പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ ഈ വിഷയത്തിലേക്ക് വഴി തിരിയാനാണ് സാദ്ധ്യത. മാറില്ലെന്ന നിലപാടില്‍ രാജ ഉറച്ചു നിന്നാല്‍ അത് തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കും.