ദക്ഷിണാഫ്രിക്കയോട് 51 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ

മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (34 പന്തില്‍ 62) ആണ് ഇന്ത്യയെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ തിലക്, അഞ്ച് സിക്‌സറുകളും രണ്ടു ഫോറുമാണ് അടിച്ചത്.

author-image
Biju
New Update
INDIA SOUTH

മുല്ലന്‍പുര്‍:  ചണ്ഡിഗഡിലെ മുല്ലന്‍പുര്‍ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ക്രിക്കറ്റിലെ ആദ്യ രാജ്യാന്തര മത്സരത്തില്‍ 51 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളടയങ്ങിയ പരമ്പരയില്‍1-1നു ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. മൂന്നാം മത്സരം 14ന് ധരംശാലയില്‍.

മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (34 പന്തില്‍ 62)  ആണ് ഇന്ത്യയെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ തിലക്, അഞ്ച് സിക്‌സറുകളും രണ്ടു ഫോറുമാണ് അടിച്ചത്. നാലാം വിക്കറ്റില്‍ അക്ഷറുമായി ചേര്‍ന്ന് 35 റണ്‍സിന്റെയും അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക്കുമായി ചേര്‍ന്ന് 51 റണ്‍സിന്റെയും ആറാം വിക്കറ്റില്‍ ജിതേഷുമായി ചേര്‍ന്ന് 39 റണ്‍സിന്റെയും കൂട്ടുകെട്ട് തിലക് ഉണ്ടാക്കി. എന്നാല്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അതു പര്യാപ്തമായിരുന്നില്ല.

ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ (0) ഗോള്‍ഡന്‍ ഡക്കായി മടക്കി ലുങ്കി എന്‍ഗിഡി ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചിരുന്നു. അതില്‍നിന്നു കരകയറാന്‍ ഇന്ത്യയ്ക്ക് ഒരിക്കലുമായില്ല. പിന്നീട് ക്രീസിലെത്തിയത് മൂന്നാമനായി പ്രമോഷന്‍ കിട്ടിയ അക്ഷര്‍ പട്ടേലാണ്. ഒരറ്റത്ത് അക്ഷര്‍ നിലയുറപ്പിച്ചെങ്കിലും പവര്‍പ്ലേ അവസാനിക്കും മുന്‍പ് അഭിഷേക് ശര്‍മയും (17), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (5) പുറത്തായി.

Also Read:

https://www.kalakaumudi.com/sports/india-south-africe-t20-updates-10902605

പിന്നീടാണ് അക്ഷറും തിലകും ഒന്നിച്ചത്. 21 പന്തില്‍ 21 റണ്‍സെടുത്ത അക്ഷറിനെ എട്ടാം ഓവറില്‍ ഒട്ട്നീല്‍ ബാര്‍ട്ട്മാനാണ് പുറത്താക്കിയത്. പിന്നീട് ഹര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 20), ജിതേഷ് ശര്‍മ (17 പന്തില്‍ 27) എന്നിവര്‍ തിലകുമായി ചേര്‍ന്നു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. അഞ്ച് റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണത്. ശിവം ദുബെ (1), അര്‍ഷ്ദീപ് സിങ് (4), വരുണ്‍ ചക്രവര്‍ത്തി (0), ജസ്പ്രീത് ബുമ്ര (0*) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍ നാല് വിക്കറ്റും ലുങ്കി എന്‍ഗിഡി, മാക്കോ യാന്‍സന്‍, ലൂത്തോ സിപാംല എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 

'ക്വിന്റല്‍' അടികട്ടക്കില്‍ ദക്ഷിണാഫ്രിക്കയെ വെറും 74 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ഇന്ത്യന്‍ ബോളിങ് പട തന്നെയല്ലേ മുല്ലന്‍പുരില്‍ വന്നതെന്ന് ഇടയ്ക്ക് ഇടയ്ക്ക് സംശയം തോന്നും വിധമായിരുന്നു ക്വിന്റന്‍ ഡികോക്കിന്റെ ബാറ്റിങ്. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയ ശേഷം ട്വന്റി20യില്‍ ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ ഡികോക്ക് (90) തീര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക നേടിയത് മികച്ച ടോട്ടല്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സെടുത്തത് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടോട്ടലാണിത്.

ഓപ്പണറായി ഇറങ്ങിയ ഡികോക്ക്, 46 പന്തില്‍ ഏഴു സിക്‌സറുകളുടെയും അഞ്ചു ഫോറുകളുടെയും അകമ്പടിയോടെയാണ് 90 റണ്‍സെടുത്തത്. അര്‍ഹിച്ച സെഞ്ചറി, വെറും പത്തു റണ്‍സ് അകലയൊണ് ഡികോക്കിനു നഷ്ടമായത്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ ഉഗ്രന്‍ റണ്ണൗട്ടിലാണ് ഡികോക്ക് പുറത്തായത്. കഴിഞ്ഞ മത്സരത്തില്‍ ഡക്കിനു പുറത്താക്കിയ അര്‍ഷ്ദീപ് സിങ്ങിനെ ആദ്യ ഓവര്‍ മുതല്‍ പ്രഹരിച്ചാണ് ഡികോക്ക് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഒരു സിക്‌സടക്കം 8 റണ്‍സ് നേടി. പിന്നീട് പവര്‍പ്ലേയില്‍ തന്നെ ബുമ്രയ്ക്കും അക്ഷറിനുമെതിരെയെല്ലാം ഡികോക്ക് സിക്‌സര്‍ അടിച്ചു. സഹഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് (10 പന്തില്‍ 8) ഒരു സിക്‌സടിച്ച് പിന്തുണ നല്‍കി.

Also Read:

https://www.kalakaumudi.com/sports/kohli-closes-in-on-rohit-at-the-top-of-odi-batting-rankings-10899728

അഞ്ചാം ഓവറില്‍ വരുണിനെ കൊണ്ടുവന്ന്, റീസുടെ വിക്കറ്റ് വീഴ്ത്തിയെങ്കിലും പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 50 കടന്നിരുന്നു. 9-ാം ഓവറില്‍ ട്വന്റി20 കരിയറിലെ 17-ാം അര്‍ധസെഞ്ചറി ഡികോക്ക് കുറിച്ചു. മറുവശത്ത്, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും (26 പന്തില്‍ 29) പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12-ാം ഓവറില്‍ മാര്‍ക്രത്തെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് വീണ്ടും ഒരു വിക്കറ്റെടുത്തത്. അപ്പോഴേയ്ക്കും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 121ല്‍ എത്തിയിരുന്നു.

ഇതിനു ശേഷവും ഡികോക്ക് 'അടി' തുടര്‍ന്നു. സെഞ്ചറിയിലേക്ക് കുതിക്കുന്നതിനിടെ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയതോടെയാണ് ഡികോക്ക് പുറത്തായത്. 16-ാം ഓവറിലെ ആദ്യ പന്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ബോള്‍ ക്രീസില്‍നിന്ന് ഇറങ്ങി കളിക്കാന്‍ ശ്രമിച്ച ഡികോക്കിന് പിഴയ്ക്കുകയായിരുന്നു. പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, ഉഗ്രന്‍ സ്റ്റംപിങ്ങിലൂടെ ഡികോക്കിനെ പുറത്താക്കി. ടീമിലേക്കുള്ള തിരിച്ചുവരവിനു ശേഷം ഡികോക്കിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

ഡികോക്കിനെ പുറത്താക്കിയെങ്കിലും റണ്ണൊഴുക്കിന് തടയിടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കായില്ല. ഡെവാള്‍ഡ് ബ്രെവിസ് (10 പന്തില്‍ 14), ഡൊനോവന്‍ ഫെരേര (16 പന്തില്‍ 30*), ഡേവിഡ് മില്ലര്‍ (12 പന്തില്‍ 20*) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ അനായാസം 200 കടത്തി. അവസാന നാല് ഓവറില്‍ 53 റണ്‍സാണ് ഇന്ത്യന്‍ ബോളര്‍മാര്‍ വഴങ്ങിയത്. ഇന്ത്യന്‍നിരയില്‍ വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്. പേസര്‍മാരായ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുമ്രയും റണ്‍സ് വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. അതോടെ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്നു മാറ്റമുണ്ട്. കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ആന്റിച്ച് നോര്‍ട്യ എന്നിവര്‍ പുറത്തായപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു.