നേപ്പാളിലേക്ക് ഉറ്റുനോക്കി ഇന്ത്യയും ലോകരാഷ്ട്രങ്ങളും

രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നേപ്പാള്‍ സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ദിവസങ്ങള്‍ക്ക് ശേഷം നേപ്പാളില്‍ ശാന്തത അനുഭവപ്പെടുന്നുണ്ട്. രണ്ടുദിവസങ്ങളായി അടച്ചിട്ടിരുന്ന കാഠ്മണ്ഡു വിമാനത്താവളവും ഇന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചു

author-image
Biju
New Update
np 1

കാഠ്മണ്ഡു: 'ജെന്‍ സീ' പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ രാജിക്കു പിന്നാലെ സൈന്യം നിയന്ത്രണം ഏറ്റെടുത്ത നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി (73) ഉള്‍പ്പെടെ 3 പേര്‍ പരിഗണനയില്‍. 

കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ, വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കുല്‍മാന്‍ ഗീഷിങ് എന്നിവരാണ് മറ്റു രണ്ടു പേര്‍. മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ചുമതല ഏറ്റെടുക്കാന്‍ തയാറാണെന്നു സുശീല കാര്‍കി അറിയിച്ചു.

രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നേപ്പാള്‍ സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ദിവസങ്ങള്‍ക്ക് ശേഷം നേപ്പാളില്‍ ശാന്തത അനുഭവപ്പെടുന്നുണ്ട്. രണ്ടുദിവസങ്ങളായി അടച്ചിട്ടിരുന്ന കാഠ്മണ്ഡു വിമാനത്താവളവും ഇന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രതിഷേധക്കാര്‍ സമാധാനപരമായ ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്നാണ് നേപ്പാള്‍ സൈനിക മേധാവി ഇന്ന് ആവശ്യപ്പെട്ടിരുന്നത്.

നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വീഴ്ത്തിയ 'ജെന്‍ സീ' പ്രതിഷേധത്തിന്റെ മുന്‍നിരക്കാര്‍ ഇപ്പോള്‍ പുതിയൊരു ആവശ്യമാണ് രാജ്യത്തിന് മുന്‍പില്‍ വച്ചിട്ടുള്ളത്. നേപ്പാളിലെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയെ അടുത്ത പ്രധാനമന്ത്രിയാക്കണമെന്നാണ് 'ജെന്‍ സീ' ആവശ്യപ്പെടുന്നത്. 

np-4

നേരത്തെ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്ന ബാലന്‍ ഷായുടെ പേര് പ്രധാനമന്ത്രി പദവുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിരുന്നെങ്കിലും ഇന്ന് 'ജെന്‍ സീ' ഓണ്‍ലൈനിലൂടെ നടത്തിയ യോഗത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. സുശീല കാര്‍ക്കി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തണം എന്നാണ് ഈ ഓണ്‍ലൈന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്.

'ജെന്‍ സീ' യോഗത്തില്‍ സുശീല കാര്‍ക്കിയും പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍ യോഗത്തില്‍ കുറഞ്ഞത് ആയിരം പേരുടെയെങ്കിലും പിന്തുണ കിട്ടിയെങ്കില്‍ മാത്രമേ താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കൂ എന്നായിരുന്നു സുശീല കാര്‍ക്കിയുടെ അഭിപ്രായം. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ സുശീല കാര്‍ക്കിയെ പിന്തുണച്ച് ഒപ്പുകള്‍ നല്‍കി.

2016 ജൂലൈ 11 ന് ആയിരുന്നു സുശീല കാര്‍ക്കി നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റിരുന്നത്. രാജ്യത്ത് ഈ പദവിയില്‍ എത്തുന്ന പ്രഥമ വനിത ആയിരുന്നു സുശീല. അഴിമതി കേസുകളില്‍ കഠിനമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നേപ്പാളില്‍ പ്രശസ്തയായാണ് സുശീല കാര്‍ക്കി. നിലവില്‍ 73 വയസ്സുകാരിയായ സുശീല ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്.

Also Read:

https://www.kalakaumudi.com/international/nepal-jailbreak-involves-a-large-scale-prison-escape-in-nepal-amid-political-unrest-over-1500-prisoners-escaped-as-protesters-stormed-jails-10071081


ആരാണ് സുശീല കാര്‍കി?

നേപ്പാളില്‍ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ഏക വനിത.

1952 ജൂണ്‍ 7-ന് നേപ്പാളിലെ ബിരാട്ട്നഗറിലുള്ള കര്‍ഷക കുടുംബത്തില്‍ ജനനം. 1959 മുതല്‍ 1960 വരെ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ബിപി കൊയ്രാളയുടെ ബന്ധു.

മഹേന്ദ്ര മോറാങ് ക്യാംപസില്‍ നിന്ന് ബി.എ. (1972), ബനാരസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ. (1975), ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം (1978)

1979-ല്‍ നിയമമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ബനാറസില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട, നേപ്പാളി കോണ്‍ഗ്രസിലെ പ്രമുഖ യുവ നേതാവായിരുന്ന ദുര്‍ഗ പ്രസാദ് സുബേദിയെ വിവാഹം കഴിച്ചു.

2007-ല്‍ സീനിയര്‍ അഭിഭാഷകയായി.

2009 ജനുവരി 22ന് സുപ്രീംകോടതിയില്‍ അഡ്‌ഹോക് ജസ്റ്റിസായി നിയമിതയായി.

2010 നവംബര്‍ 18ന് സ്ഥിരം ജസ്റ്റിസായി ഉയര്‍ന്നു.

ജസ്റ്റിസ് സുശീല കാര്‍കിയുടെ കാലാവധിയില്‍, അന്നത്തെ വാര്‍ത്താവിതരണ മന്ത്രി ജയപ്രകാശ് പ്രസാദ് ഗുപ്ത അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു.

2016 ഏപ്രില്‍ 13 മുതല്‍ ജൂലൈ 10 വരെ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിച്ചു.

2016 ജൂലൈ 11ന് ചീഫ് ജസ്റ്റിസായി നിയമനം.

അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.

അഴിമതി വിരുദ്ധ സ്ഥാപനത്തിന്റെ മേധാവിയെ യോഗ്യതാ മാനദണ്ഡങ്ങളുടെ പേരില്‍ പുറത്താക്കാന്‍ പക്ഷപാതപരമായ വിധി പുറപ്പെടുവിച്ചു എന്നാരോപിച്ച്, ഭരണകക്ഷികളായ നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ പാര്‍ട്ടികള്‍ 2017 ഏപ്രിലില്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം സമര്‍പ്പിച്ചു. പൊതുജന സമ്മര്‍ദത്തെയും പാര്‍ലമെന്റിന്റെ നടപടികള്‍ തടഞ്ഞുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെയും തുടര്‍ന്ന് പ്രമേയം പിന്നീട് പിന്‍വലിച്ചു.

2017 ജൂണ്‍ 7 ന് വിരമിച്ചു

2018-ല്‍ 'ന്യായ' എന്ന ആത്മകഥയും, 2019-ല്‍ 'കര' എന്ന നോവലും പ്രസിദ്ധീകരിച്ചു. 1990  കളിലെ പഞ്ചായത്ത് ഭരണകാലയളവില്‍ അവര്‍ തടവുശിക്ഷ അനുഭവിച്ച ബിരാട്ട്നഗര്‍ ജയിലിനെ ആസ്പദമാക്കിയാണ് 'കര' എന്ന നോവല്‍ രചിച്ചത്.

എന്നാല്‍ നേപ്പാള്‍ സര്‍ക്കാരിനെ വീഴ്ത്തിയ ഈ വന്‍ പ്രക്ഷോഭത്തിന്റെ പ്രധാന മുഖമാണ് സാമൂഹിക പ്രവര്‍ത്തകനായ സുദന്‍ ഗുരുങ്. 36 വയസ്സ് മാത്രമുള്ള സുദന്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭമാണ് നേപ്പാള്‍ സര്‍ക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുന്നത്. സുദന്‍ ഗുരുങിന്റെ നേതൃപാടവത്തിന് മുന്നില്‍ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയ്ക്കും മന്ത്രിമാര്‍ക്കും രാജിവയ്‌ക്കേണ്ടി വന്നത് നേപ്പാളിനെ സംബന്ധിച്ച് എന്തായാലും പുതിയ ചരിത്രമാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ 2015 ലെ ഭൂകമ്പത്തിന് ശേഷം രൂപീകരിച്ച യുവാക്കളുടെ എന്‍ജിഒ ആയ ഹാമി നേപ്പാളിന്റെ പ്രസിഡന്റായ സുദന്‍ ഗുരുങ് ഇതോടെ വീര പുരുഷനായി മാറിയിരിക്കുകയാണ്.

അന്നത്തെ ഭൂകമ്പത്തില്‍ സുദന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിലുണ്ടായ ഈ നഷ്ടം അദ്ദേഹത്തെ ഉലച്ചു. ഇതിനുപിന്നാലെയാണ് സംഘാടകന്‍ മാത്രമായിരുന്ന സുദന്‍ ദുരന്ത നിവാരണത്തിലേക്കും പൗരാവകാശ പ്രവര്‍ത്തനങ്ങളിലേക്കും വഴിമാറി സഞ്ചരിച്ചത്. സമൂഹമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്‌കൂള്‍ യൂണിഫോം ധരിച്ചും പുസ്തകങ്ങള്‍ കൈയ്യിലേന്തിയും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാകാന്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് സുദന്‍ ഗുരുങ് നിര്‍ദേശം നല്‍കിയത്.

സോഷ്യല്‍ മീഡിയകളെ നിരോധിച്ചതിനും അഴിമതിക്കും സര്‍ക്കാരിനും എതിരായി വ്യാപിച്ച റാലികളെ തുടക്കത്തില്‍ സമാധാനപരവും, അതേസമയം പ്രതീകാത്മകവുമാക്കി മാറ്റാന്‍ സുദന്‍ ഗുരുങിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും രക്തരൂഷിതമാവുകയുമാണ് ഉണ്ടായത്. 

np 5

പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ട റൂട്ടിനെ കുറിച്ചും സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും നേരത്തെ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഗുരുങും അദ്ദേഹത്തിന്റെ എന്‍ജിഒയും വിവരങ്ങള്‍ നിരന്തരം കൈമാറിയിരുന്നു. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടാവുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് നേപ്പാള്‍ സര്‍ക്കാരിന്റെ സകല കണക്ക് കൂട്ടലുകളും പിഴച്ചിരുന്നത്. നേപ്പാളിലെ സകല രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിയതും അതോടെയാണ്.

കലാപത്തെ തുടര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ നേപ്പാള്‍. എന്നാല്‍, പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍പ്പിക്കുന്നത് വരെ രാജ്യത്തെ നയിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇടക്കാല പ്രധാനമന്ത്രിയായി ജെന്‍-സീ പ്രക്ഷോഭത്തിന്റെ പിന്നിലുള്ള സുദന്‍ ഗുരുങ് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നത് കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ എന്ന യുവാവിനെയാണ്.

രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. ഇതിനായുള്ള പ്രചാരണവും അവര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി ശര്‍മ ഒലി രാജിവെച്ചതിന് പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങിയത്. ഒലിയോട് രാജിവയ്ക്കാന്‍ പട്ടാള മേധാവി ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഇതിനിടെയാണ് ബലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ തുടങ്ങിയത്. സിവില്‍ എഞ്ചിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടുകളിലൂടെയും യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളില്‍ ശ്രദ്ധേയനായത്.

യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള, രാഷ്ട്രീയക്കാരനല്ലാത്ത നേതാവായാണ് ഇദ്ദേഹം ഉയര്‍ന്നുവന്നത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനും അഴിമതിക്കുമെതിരെ നിലവില്‍ നടക്കുന്ന യുവജന പ്രക്ഷോഭങ്ങള്‍ക്ക് ബാലേന്ദ്ര ഷാ ശക്തമായ പിന്തുണ നല്‍കിയിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 2022-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള എതിരാളികളെ പരാജയപ്പെടുത്തി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ് ബാലേന്ദ്ര ഷാ. നഗരത്തിലെ തെരുവുകള്‍ വൃത്തിയാക്കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക, നികുതി വെട്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഇതോടെ യുവാക്കള്‍ക്കിടയില്‍ വലിയ പിന്തുണയുമുണ്ടായി.

ടൈം മാഗസിന്‍ 'ടോപ്പ് 100 എമര്‍ജിംഗ് ലീഡേഴ്സ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ബാലേന്ദ്ര ഷാ. സുതാര്യവും ജനകീയവുമായ രാഷ്ട്രീയ ശൈലിയെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനവും വന്നിരുന്നു. നേപ്പാളിലെ ഭരണ സംവിധാനങ്ങളിലുള്‍പ്പെടെ കാലോചിതമായ പരിഷ്‌കരണങ്ങള്‍ വേണമെന്ന ആവശ്യമാണ് ബാലേന്ദ്ര ഷാ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് യുവാക്കള്‍ ഇദ്ദേഹത്തെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ബദലായാണ് കാണുന്നത്.

Also Read:

https://www.kalakaumudi.com/international/nepal-country-adminstraction-takeoff-nepal-army-10068507

രാജവാഴ്ച അവസാനിച്ച ശേഷം കണ്ട വലിയ പ്രക്ഷോഭം

2008ല്‍ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാള്‍ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതലമുറയ്ക്കിടയില്‍ പുകഞ്ഞ അമര്‍ഷത്തിനുമേല്‍ അടിച്ച അവസാന ആണിയായിരുന്നു സമൂഹമാധ്യമ നിരോധനം. അഴിമതി, തൊഴിലില്ലായ്മ, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സര്‍ക്കാര്‍ തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പുകഞ്ഞിരുന്നു. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇതിനെതിരെ പുതുതലമുറ പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചു. 

'രാജവാഴ്ച തിരികെ വരണം,'' നേപ്പാളിലെ തെരുവീഥികളില്‍ ഇപ്പോള്‍ മുഴങ്ങുന്ന പ്രധാന മുദ്രാവാക്യവും അത് തന്നെയാണ്. ഈ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് അധികാരത്തിന്റെ അകത്തളങ്ങളിലെ തിളക്കമുള്ള ജീവിതങ്ങളെക്കുറിച്ചല്ല, മറിച്ച് നേപ്പാളിന്റെ ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ രാത്രിയെക്കുറിച്ചാണ്, നേപ്പാളിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ അധ്യായങ്ങളിലൊന്നായ 2001-ലെ രാജകീയ കൂട്ട കൊലപാതകത്തെ കുറിച്ചാണ്.

കാഠ്മണ്ഡുവിലെ നാരായണ്‍ഹിതി കൊട്ടാരം, ഒരു ജനതയുടെ സ്വപ്നങ്ങളും സ്‌നേഹവും പ്രതീക്ഷകളും തകര്‍ന്നുവീണ ആ ദുരന്തഭൂമി, ഇന്ന് അതൊരു മ്യൂസിയമാണ്. പക്ഷേ ആ ക്രൂരകൊലപാതകത്തിന് സാക്ഷ്യം വഹിച്ച, രക്തത്തിന്റെ മണം ഇന്നും തളം കെട്ടി നില്‍ക്കുന്ന അവിടെത്തെ ഭിത്തികള്‍ക്ക് ആ രാത്രിയുടെ കഥകള്‍ ഇനിയും പറയാനുണ്ട്..

2001 ജൂണ്‍ 1-ന് കാഠ്മണ്ഡുവിലെ നാരായണ്‍ഹിതി കൊട്ടാരത്തില്‍ അരങ്ങേറിയ കൂട്ടക്കൊല നേപ്പാളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. വികസന സംരംഭങ്ങളിലൂടെ ജനപ്രിയനായിരുന്ന രാജാവ് ബീരേന്ദ്ര ബീര്‍ ബിക്രം ഷാ ദേവും രാജ്ഞി ഐശ്വര്യയും ഉള്‍പ്പെടെ ഒമ്പത് രാജകുടുംബാംഗങ്ങളാണ് ആ രാത്രിയില്‍ കൊല്ലപ്പെട്ടത്. 

ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ഒരു ഭരണാധികാരിയായിരുന്നു നേപ്പാളിന്റെ രാജാവായിരുന്ന ബീരേന്ദ്ര ബീര്‍ ബിക്രം ഷാ ദേവ്, വികസന സ്വപ്നങ്ങളും മാനുഷിക സമീപനങ്ങളും കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികം സമയം വേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ രാജ്ഞി ഐശ്വര്യ രാജലക്ഷ്മി ദേവി ഷാ, സൗന്ദര്യവും അന്തസും ഒത്തിണങ്ങിയ വ്യക്തിത്വം. ഈ രാജകീയ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു  ഭാവി രാജാവായി കരുതപ്പെട്ടിരുന്ന ദീപേന്ദ്ര, രാജകുമാരി ശ്രുതി, രാജകുമാരന്‍ നീരജന്‍.

np-6

ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയും

2001 ജൂണ്‍ 1-ന് നാരായണ്‍ഹിതി കൊട്ടാരത്തിലെ ഒരു പതിവ് കുടുംബ വിരുന്ന്. സന്തോഷവും ചിരിയും നിറഞ്ഞ അന്തരീക്ഷം. പെട്ടെന്ന് ആ ദുരന്തം സംഭവിച്ചു. മദ്യലഹരിയില്‍ അവശനായ ദീപേന്ദ്ര, ഒരു അതിഥിയുമായി വഴക്കിട്ട ശേഷം മുറിയിലേക്ക് പോയി. അല്‍പ്പസമയം കഴിഞ്ഞ് അയാള്‍ തിരികെ വന്നത് കമാന്‍ഡോ വേഷത്തിലാണ്, അതും കൈകളില്‍ തോക്കുകളുമായി.

പിന്നീട് ആ സന്തോഷ അന്തരീക്ഷം നിമിഷ നേരങ്ങള്‍ കൊണ്ടാണ് മാറിയത്, കൈയില്‍ കരുതിയ തോക്കില്‍ നിന്ന് ദീപേന്ദ്ര ആദ്യവെടിയുതിര്‍ത്തത് തന്റെ പിതാവിന് നേരെയായിരുന്നു. തല്‍ക്ഷണം കൊണ്ടാണ് രാജാവ് ബീരേന്ദ്ര പിടഞ്ഞുവീണ് മരിച്ചത്. പിന്നാലെ തന്നെ ദീപേന്ദ്ര തന്റെ അമ്മയെയും സഹോദരങ്ങളെയും മറ്റ് അഞ്ച് ബന്ധുക്കളെയും ഇതേ രീതിയില്‍ അതിക്രൂരമായി വധിച്ചു. ഒടുവില്‍ അയാള്‍ സ്വയം വെടിവെച്ചതായി കരുതപ്പെടുന്നു. അങ്ങനെ അത് ഒരു കൂട്ടകൊലപാതകത്തില്‍ കലാശിച്ചു. ഈ കൂട്ട കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ ഒരു കാരണവുമുണ്ടായിരുന്നു.

ഈ കൊടുംപാതകത്തിന് പിന്നില്‍ ഒരു പ്രണയകഥയുണ്ടെന്ന് പലരും വിശ്വസിക്കുന്നത്. ദീപേന്ദ്രയുടെ പ്രണയിനി ദേവയാനി റാണ ഇന്ത്യയിലെ ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ്. എന്നാല്‍ ദീപേന്ദ്രയുടെ ബന്ധം രാജകുടുംബം അംഗീകരിച്ചിരുന്നില്ല. മറ്റൊരു രാജകുടുംബത്തിലെ അംഗത്തെ ദീപേന്ദ്ര വിവാഹം കഴിക്കണമെന്നായിരുന്നു രാജ്ഞി ഐശ്വര്യയുടെ ആഗ്രഹം. കൂടാതെ ദേവയാനിയുടെ കുടുംബത്തിനും ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. 

നേപ്പാളിലെ രാജകുടുംബത്തേക്കാള്‍ ഉയര്‍ന്ന പദവിയാണ് തങ്ങള്‍ക്കുള്ളതെന്നും, ദീപേന്ദ്രയെ വിവാഹം കഴിക്കുന്നതിലൂടെ ദേവയാനി തന്റെ ജീവിതനിലവാരം താഴ്‌ത്തേണ്ടിവരുമെന്നും അവര്‍ വാദിച്ചു. ഈ പ്രണയത്തിന് നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ ദീപേന്ദ്രയുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചിരിക്കാം. ആ മുറിവുകള്‍ ഒരു കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള ഒരു ദുരന്തമായി പരിണമിച്ചു.

നാരായണ്‍ഹിതി കൊട്ടാരം 

ഈ കൂട്ടക്കൊലയുടെ ദുരൂഹതകള്‍ക്ക് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. ഔദ്യോഗിക അന്വേഷണം ദീപേന്ദ്രയെ കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് പലരും സംശയിക്കുന്നു. ഈ ദുരന്തത്തിന് ശേഷം ദീപേന്ദ്രയുടെ അമ്മാവന്‍ ഗ്യാനേന്ദ്ര രാജാവായി. എന്നാല്‍, ഈ കൂട്ടക്കൊലയോടെ ജനങ്ങള്‍ക്ക് രാജവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ 2008-ല്‍ രാജവാഴ്ച പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടു.

ഇന്ന്, പുതിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ വീണ്ടും രാജവാഴ്ചയെക്കുറിച്ചുള്ള ആവശ്യങ്ങള്‍ ഉയരുമ്പോള്‍, നേപ്പാളിലെ ജനങ്ങളുടെ മനസ്സില്‍ 2001-ലെ ആ ഇരുണ്ട രാത്രിയുടെ ഓര്‍മ്മകള്‍ ഒരു നടുക്കത്തോടെ മിന്നിമറയുന്നു. ഒരു കൊട്ടാരം, ഒരു രാജകുടുംബം, ഒരു ജനതയുടെ പ്രതീക്ഷകള്‍ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായ ആ ദുരന്തകഥ. അത് വെറും ഒരു കൊലപാതകമായിരുന്നില്ല, മറിച്ച് ഒരു രാജവംശത്തിന്റെ ദാരുണമായ അന്ത്യം കുറിച്ച ഒരു ദുരന്തമായിരുന്നു.

ഇന്ത്യയും ഭയക്കണം

ശ്രീലങ്കയ്ക്കും ബംഗ്ലദേശിനും പിന്നാലെ ജനകീയ രോഷത്താല്‍ നിലംപതിച്ചവരുടെ പട്ടികയില്‍ ഏറ്റവും പുതിയ കണ്ണിയായി ചേര്‍ക്കപ്പെട്ടിരിക്കുന്നത് നേപ്പാളാണ്. രാഷ്ട്രീയ അസ്ഥിരതയ്ക്കു പേരുകേട്ട നേപ്പാളിനു പ്രക്ഷോഭങ്ങളും സര്‍ക്കാരുകളുടെ വീഴ്ചയും തിരിച്ചുവരവും പുത്തരിയല്ലെങ്കിലും മൂന്നാണ്ടിനിടെ മറ്റു രണ്ടു രാജ്യങ്ങളിലുമുണ്ടായ അതേ രീതിയില്‍ ജനം സര്‍ക്കാരിനെ താഴെയിറക്കുന്നതു ശ്രദ്ധേയമായ കാര്യം.

സമൂഹമാധ്യമങ്ങള്‍ വിലക്കിയതിനെ തുടര്‍ന്ന് 'ജെന്‍ സീ' എന്നു പേരുവിളിക്കുന്ന പുതുതലമുറ നടത്തിയ പ്രതിഷേധത്തില്‍ കെ.പി.ശര്‍മ ഒലി നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാര്‍ പുറത്താക്കപ്പെട്ടു. ശരിക്കും സമൂഹമാധ്യമ നിരോധനം മാത്രമാണോ നേപ്പാളിലെ ജനകീയ പ്രതിഷേധത്തിനു കാരണം? പാര്‍ലമെന്റും സുപ്രീംകോടതിയുമടക്കം പൊതുസ്വത്ത് നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം പ്രതിഷേധങ്ങള്‍ ശരിയായ മാതൃകയാണോ? അസ്ഥിരത നിറഞ്ഞ അയല്‍രാജ്യങ്ങളാല്‍ ചുറ്റപ്പെടുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കും? പുതിയ സാഹചര്യങ്ങളെ ഇന്ത്യ എങ്ങനെ പ്രതിരോധിക്കും എന്നുള്ളതും ശ്രദ്ധേയമാണ്.

2008ല്‍ രാജഭരണം അവസാനിച്ചതു മുതല്‍ ഇതുവരെയുള്ള 17 വര്‍ഷം നേപ്പാളില്‍ അധികാരത്തില്‍ വന്നുപോയത് 14 സര്‍ക്കാരുകളാണ്. അഞ്ചു വര്‍ഷമെന്ന കാലാവധി തികയ്ക്കാനുള്ള ഭാഗ്യം നേപ്പാളില്‍ ഒരു സര്‍ക്കാരിനും ലഭിച്ചിട്ടില്ല. 2022ലായിരുന്നു അവസാനം പൊതുതിരഞ്ഞെടുപ്പ് നടന്നത്. 

ഷേര്‍ ബഹാദൂര്‍ ദ്യൂബെയുടെ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് (സിപിഎന്‍-യുഎംഎല്‍) പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കി. എന്നാല്‍ ഒരു മാസത്തിനുശേഷം പ്രചണ്ഡ മറുകണ്ടം ചാടി കെ.പി.ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളുമായി (സിപിഎന്‍-എംസി) സഖ്യമുണ്ടാക്കി അധികാരത്തിലേറി.

പ്രചണ്ഡയും ഒലിയും മാറിമാറി പ്രധാനമന്ത്രിയാകുമെന്ന ധാരണയിലായിരുന്നു ഇത്. ധാരണപ്രകാരം പ്രചണ്ഡ പ്രധാനമന്ത്രിയായി. എന്നാല്‍ 2023ല്‍ പ്രചണ്ഡയ്ക്കുള്ള പിന്തുണ ശര്‍മ ഒലിയുടെ പാര്‍ട്ടി പിന്‍വലിച്ചു. എങ്കിലും മറ്റു ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് അവിശ്വാസ പ്രമേയം വിജയിച്ച പ്രചണ്ഡ 2024 ജൂലൈ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടര്‍ന്നു. 

അപ്പോഴേക്കും ദ്യൂബെയുമായി സഖ്യമുണ്ടാക്കി കെ.പി.ശര്‍മ ഒലി പ്രചണ്ഡയെ താഴെയിറക്കി പ്രധാനമന്ത്രിയായി. 2027ല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതുവരെ മാറിമാറി ഭരിക്കാമെന്നായിരുന്നു ഒലി-ദ്യൂബെ ഡീല്‍. എന്നാല്‍ ജനകീയ പ്രക്ഷോഭത്തോടെ ഒലിയും രാജിവച്ചു പുറത്തുപോയി. 2022നും മുമ്പും സഖ്യസര്‍ക്കാരുകളുടെ അയ്യരുകളി തന്നെയായിരുന്നു നേപ്പാളില്‍. നേപ്പാളിന്റെ പാര്‍ലമെന്റ് സംവിധാനം രൂപീകരിച്ചിരിക്കുന്ന രീതി ഈ അസ്ഥിരതയുടെ ഒരു പ്രധാന കാരണമാണ്.

275 അംഗ പാര്‍ലമെന്റാണ് നേപ്പാളിനുള്ളത്. ഇതില്‍ 165 അംഗങ്ങളെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നു. ബാക്കി 110 പേരെ തിരഞ്ഞെടുക്കുന്നത് പ്രപ്പോഷനല്‍ റപ്രസന്റേഷന്‍ (പിആര്‍) വഴിയാകണമെന്ന് 2015ല്‍ നേപ്പാള്‍ പാസാക്കിയ ഭരണഘടന അനുശാസിക്കുന്നു. ഇതുപ്രകാരം രാജ്യത്തെ മുഴുവന്‍ ഒറ്റ മണ്ഡലമായി കണ്ടുകൊണ്ടാണ് പിആര്‍ തിരഞ്ഞെടുപ്പ് നടത്തുക. ഇതനുസരിച്ചു ജനങ്ങള്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും വോട്ടു രേഖപ്പെടുത്തും. ഓരോ പാര്‍ട്ടിക്കും ദേശീയ തലത്തില്‍ ലഭിച്ച വോട്ടിന് ആനുപാതികമായി 110 സീറ്റുകള്‍ പാര്‍ട്ടികള്‍ക്കു വീതിച്ചു നല്‍കും. മൂന്നിലൊന്ന് സീറ്റ് സ്ത്രീകള്‍ക്കായിരിക്കണമെന്നും നിയമമുണ്ട്.

Also Read:

https://www.kalakaumudi.com/international/former-nepal-pms-wife-dies-in-house-fire-set-by-protestors-10066126

ന്യൂനപക്ഷങ്ങള്‍, ദലിത് വിഭാഗങ്ങള്‍, സ്ത്രീകള്‍, ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ക്കു പ്രാതിനിധ്യമുറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് ഈ രീതിയെങ്കിലും ഒരു പാര്‍ട്ടിക്കും കാര്യമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ നേപ്പാള്‍ വീണ്ടും വീണ്ടും സഖ്യസര്‍ക്കാരുകള്‍ പിറക്കുന്നതിനും തകരുന്നതിനും സാക്ഷിയായിക്കൊണ്ടിരുന്നു. ഭരണത്തിലെത്താനുള്ള വ്യഗ്രതയില്‍ പാര്‍ട്ടികളും നേതാക്കളും തങ്ങളുടെ ആശയസംഹിതകളും ആദര്‍ശങ്ങളും മറന്നതോടെ രാഷ്ട്രീയ അസ്ഥിരതയുടെ വിളനിലമായി നേപ്പാള്‍. 

രാഷ്ട്രീയ അസ്ഥിരതയും നയങ്ങള്‍ മാറിമറിയുന്നതും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും ബാധിച്ചു. വിദേശ - തദ്ദേശീയ വ്യവസായങ്ങളും നിക്ഷേപകരും നേപ്പാളില്‍ നിക്ഷേപം നടത്താന്‍ മടിച്ചു. ഇതു സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും ആക്കം കൂട്ടുകയും ചെയ്തു. ദാരിദ്ര്യവും അസമത്വവും കുതിച്ചുകയറി. 

കഴിഞ്ഞ 30 വര്‍ഷത്തെ നേപ്പാളിന്റെ ശരാശരി സാമ്പത്തിക വളര്‍ച്ച നാലു ശതമാനത്തിലും താഴെയാണ്. 2014-25 സാമ്പത്തിക വര്‍ഷത്തില്‍ 4.5% വളര്‍ച്ച നേടിയ നേപ്പാള്‍ 2025-26 വര്‍ഷത്തില്‍ 5.2% വളരുമെന്നായിരുന്നു ലോക ബാങ്കിന്റെ പ്രവചനം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വളര്‍ച്ച പിന്നോട്ടാകുമെന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതില്‍ പരാജയമെന്നു ചൂണ്ടിക്കാട്ടി ഇക്കൊല്ലം ഫെബ്രുവരിയില്‍ നേപ്പാളിനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പുതിയ നിക്ഷേപങ്ങള്‍ ലഭിക്കുന്നതിന് ഇതും നേപ്പാളിനു വിലങ്ങുതടിയാകും.

തൊഴിലില്ലായ്മയായിരുന്നു നേപ്പാള്‍ നേരിട്ടിരുന്ന മറ്റൊരു പ്രധാന പ്രശ്നം. 12.6 ശതമാനമാണ് നേപ്പാളിലെ തൊഴിലില്ലായ്മ നിരക്ക്. 15 മുതല്‍ 29 വരെ പ്രായമുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 19.2 ശതമാനവും. 2023-24 സാമ്പത്തിക വര്‍ഷം 7,41,000 നേപ്പാളികളാണ് വിദേശത്ത് തൊഴില്‍ തേടി പോയതെന്നു സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

2022-23ല്‍ വിദേശത്തേക്കു പോയത് 6,99,841 പേര്‍. 2024ല്‍ ഓരോ മാസവും 65,000 നേപ്പാളി യുവാക്കള്‍ വിദേശത്ത് ജോലിതേടി പോയി. രാജ്യത്തെ തൊഴിലെടുക്കാനാകുന്ന ജനങ്ങളുടെ 14 ശതമാനവും ഇപ്പോള്‍ വിദേശത്താണുള്ളത്. നേപ്പാളിന്റെ ആഭ്യന്തരോല്‍പാദനത്തിന്റെ 33 ശതമാനവും ഇത്തരത്തില്‍ വിദേശത്തു തൊഴിലെടുക്കുന്നവരില്‍നിന്നുള്ള വരുമാനമാണെന്നതു സ്വയംപര്യാപ്തതയില്‍ നേപ്പാള്‍ എത്രമാത്രം പിന്നിലാണെന്നു വ്യക്തമാക്കുന്നു. നിരന്തരമായ ഈ സ്ഥിരതയില്ലായ്മയില്‍ ജനം അസന്തുഷ്ടരായിരുന്നു.

നേപ്പാളില്‍ 44% ജനങ്ങള്‍ മാത്രമാണു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നതെന്ന് ഏഷ്യ ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പിന്നാക്കാവസ്ഥ, നല്ല വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഇല്ലാത്തത്, വിദേശരാജ്യങ്ങളുടെ ഇടപെടല്‍ എന്നിവയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും സര്‍വേ കണ്ടെത്തിയിരുന്നു. 

ഈ സാഹചര്യത്തിലാണു രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ വിദേശയാത്രകളും ആഡംബര ജീവിതവും നേപ്പാളില്‍ ചര്‍ച്ചയാകുന്നത്. രാജ്യത്തെ മറ്റു യുവാക്കള്‍ തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കാതെ പലായനം ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ നികുതിപ്പണം കൊണ്ട് പാരിസിലും മറ്റും അടിച്ചുപൊളിക്കുന്നത് 'നെപ്പോ കിഡ്സ്' എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു.

തൊട്ടുപിന്നാലെയാണു സമൂഹമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഒലി സര്‍ക്കാരിന്റെ നിര്‍ദേശവും എത്തിയത്. നേരംപോക്കെന്നതിനു പുറമേ വ്യവസായങ്ങളുള്‍പ്പെടെയുള്ള ജീവിതമാര്‍ഗത്തിനു സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നവരെല്ലാം സര്‍ക്കാരിനെതിരെ തിരിഞ്ഞത് സ്വാഭാവികം. സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനത്തിനെതിരെ തുടങ്ങിയ സമരം പിന്നീട് രാജ്യത്തെ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെയുള്ള പോരാട്ടം കൂടിയായി മാറുകയായിരുന്നു.

np-7

അടിമുടി അഴിമതി

ഭൂട്ടാനീസ് അഭയാര്‍ഥി അഴിമതി, ലളിത നിവാസ് അഴിമതി, സ്വര്‍ണക്കള്ളക്കടത്ത്, എന്‍സെല്‍ അഴിമതി തുടങ്ങി അഴിമതിക്കേസുകളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് നേപ്പാള്‍ രാഷ്ട്രീയം. ഭൂട്ടാനില്‍നിന്നുള്ള അഭയാര്‍ഥികളെന്ന പേരില്‍ യുഎസ് വീസ സംഘടിപ്പിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് നേപ്പാളിലെ ജനങ്ങളില്‍നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ഭൂട്ടാനീസ് അഭയാര്‍ഥി അഴിമതിയുടെ പ്രധാന സൂത്രധാരന്‍ മുന്‍ പ്രധാനമന്ത്രി ദ്യൂബെയുടെ വിശ്വസ്തനായ ബാല്‍ കൃഷ്ണ ഖണ്ഡാണ്. സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തു വിറ്റ ലളിത നിവാസ് കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ടത് മുന്‍ പ്രധാനമന്ത്രിമാരായ മാധവ് കുമാര്‍ നേപ്പാളും ബാബുറാം ഭട്ടാറായിയും. 

ത്രിഭുവന്‍ വിമാനത്താവളം വഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കടത്തിയ കേസും വലിയ ചര്‍ച്ചയായിരുന്നു. നേപ്പാളിലെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ എന്‍ സെല്ലില്‍ ഉണ്ടായിരുന്ന 80% ഓഹരികള്‍, മലേഷ്യന്‍ കമ്പനിയായ ആക്സിയാറ്റക് യുകെയിലുള്ള നേപ്പാള്‍ പൗരനായ സതീഷ് ലാല്‍ ആചാര്യയുടെ കമ്പനിക്കു വളരെ വില കുറച്ചു വിറ്റ് നികുതി വെട്ടിച്ച അഴിമതിക്കു പിന്നിലും രാഷ്ട്രീയബന്ധമുണ്ടായിരുന്നു. 

പ്രചണ്ഡയുടെ മകള്‍ ഗംഗ ദഹലാണ് ഈ ഇടപാടിനു ചുക്കാന്‍ പിടിച്ചത്. 1,43,000 കോടി ഡോളറിനു വാങ്ങിയ ഓഹരികള്‍ വെറും 650 കോടി ഡോളറിനാണ് ആക്സിയാറ്റക് വിറ്റത്. ഇടപാടില്‍ നേപ്പാള്‍ ഖജനാവിനു നഷ്ടമായത് കോടിക്കണക്കിനു രൂപയുടെ നികുതിപ്പണമാണ്. അഴിമതിക്കാരെ 'ബിഗ് 3' എന്നറിയപ്പെടുന്ന കെ.പി.ശര്‍മ ഒലി, പുഷ്പ കമാല്‍ പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദ്യൂബെ എന്നിവര്‍ സംരക്ഷിക്കുന്നുവെന്നാണു ജനങ്ങളുടെ ആരോപണം. അതിനു തക്ക തെളിവുകളുമുണ്ട്.

ആഭ്യന്തര പ്രശ്നങ്ങളാല്‍ വട്ടംചുറ്റുന്ന അയല്‍പക്കങ്ങള്‍ക്കു നടുവിലാണ് ഇന്ത്യയിപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും ബംഗ്ലദേശിലും നേപ്പാളിലും സര്‍ക്കാരുകള്‍ നിലംപതിച്ചു. മാലദ്വീപില്‍ ഭരണം മാറി. 

മ്യാന്‍മറില്‍ ആഭ്യന്തരയുദ്ധം തുടരുന്നു. 'അയല്‍പക്കം ആദ്യം' നയം പിന്തുടരുന്ന ഇന്ത്യയെ സംബന്ധിച്ചു സ്ഥിരതയോടെ തുടരുന്ന ഒരേയൊരു അയല്‍പക്കം ഭൂട്ടാന്‍ മാത്രമാണ്. എങ്കിലും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി ശ്രദ്ധയോടെയുള്ള ഇടപെടലാണ് ഈ രാജ്യങ്ങളുമായി ഇന്ത്യ സ്വീകരിച്ചു വരുന്നത്. 

ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായും മ്യാന്‍മറിലെ വിമതരുമായും ഇന്ത്യ നിയന്ത്രിതമായ ബന്ധം പുലര്‍ത്തുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാര്‍ ചൈനീസ് ചായ്വ് വ്യക്തമാക്കുമ്പോഴും ഇടക്കാല സര്‍ക്കാരുമായും പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുമായും ഇന്ത്യ നല്ല സമീപനത്തിനു ശ്രമിക്കുന്നുണ്ട്. നേപ്പാളില്‍ ഒലി സര്‍ക്കാരും ചൈനയുമായി അടുത്തിരുന്നു. 

ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ അംഗമാകുകയും ഇന്ത്യയോടുള്ള ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്ന നിലപാടായിരുന്നു ഒലിയുടേത്. നേപ്പാളിലെ പുതിയ സര്‍ക്കാരിന്റെ വരവിനെ ഒരുപക്ഷേ, ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയെടുക്കാനുമായേക്കും. 

കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവിടങ്ങളില്‍ നേപ്പാളുമായി നിലനില്‍ക്കുന്ന തര്‍ക്കം ശാശ്വതമായി പരിഹരിക്കാനായില്ലെങ്കിലും വഷളാകാതെ നിലനിര്‍ത്താനും നേപ്പാളില്‍ വരാനിരിക്കുന്ന സര്‍ക്കാരുമായി ഇന്ത്യയ്ക്കു നല്ല ബന്ധം പുലര്‍ത്തേണ്ടതുണ്ട്.

നേപ്പാളിലെ ഓരോ ചെറിയ ചലനങ്ങളും ഇന്ത്യയെയും ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. മൂന്നുവശത്തും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന, ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഹിമാലയത്തിലെ തന്ത്രപ്രധാന ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യം മാത്രമല്ല ഇന്ത്യയ്ക്ക് നേപ്പാള്‍. വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളാല്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ 'റൊട്ടി-ബേട്ടി' ബന്ധവും നിലനില്‍ക്കുന്നു. ഇന്ത്യയുമായി 1751 കി.മീ അതിര്‍ത്തിയാണ് നേപ്പാള്‍ പങ്കുവയ്ക്കുന്നത്.

ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബംഗാള്‍, സിക്കിം, ബിഹാര്‍ എന്നീ 5 സംസ്ഥാനങ്ങളിലൂടെ ഇതു കടന്നുപോകുന്നു. നേപ്പാളിലെ അശാന്തി അതിര്‍ത്തി സംസ്ഥാനങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യം പാക്കിസ്ഥാന്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ഭീകരരെ ഇന്ത്യയിലേക്കു കടത്താന്‍ നേപ്പാള്‍ അതിര്‍ത്തി പാക്കിസ്ഥാന്‍ ഉപയോഗിക്കാറുണ്ട്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തെയും പ്രക്ഷോഭം നീളുന്നതു ബാധിക്കും. 732 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നേപ്പാളിലേക്കു നടത്തുന്നത്. ഇറക്കുമതി ചെയ്യുന്നത് 120 കോടി ഡോളറിന്റെ ഉല്‍പന്നങ്ങളും സേവനങ്ങളും. റോഡുമാര്‍ഗമാണു ചരക്കുവ്യാപാരത്തിന്റെ ഏറിയപങ്കുമെന്നതിനാല്‍ പ്രക്ഷോഭം തുടര്‍ന്നാല്‍ ആഘാതമേറും.

അധികാരത്തിന്റെ ആഡംബര മന്ദിരങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് വിശ്വസിച്ച ഭരണാധികാരികള്‍ക്ക്, തെരുവുകളില്‍ ആളിപ്പടര്‍ന്ന ജനങ്ങളുടെ വിപ്ലവാഗ്‌നി എത്രമാത്രം ശക്തമാണെന്ന് തിരിച്ചറിഞ്ഞിട്ട് കാലം അധികം ആയില്ല. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലും നേപ്പാളിന്റെ ഹൃദയമായ കാഠ്മണ്ഡുവിലും ഉയര്‍ന്നുവന്ന ആ രോഷം, രണ്ട് പ്രധാനമന്ത്രിമാരുടെ സിംഹാസനങ്ങളെ കടപുഴകി എറിഞ്ഞു.

പതിറ്റാണ്ടുകളായി അധികാരം കൈയ്യാളിയ ഷെയ്ഖ് ഹസീനയും, രാജവാഴ്ചയെ തകര്‍ത്ത കെ.പി. ശര്‍മ്മ ഒലിയും, തങ്ങളുടെ ഭരണകൂടങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയുടെ ആഴം തിരിച്ചറിഞ്ഞത് ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നാണ്. ഇത് വെറും ഒരു ഭരണമാറ്റമായിരുന്നില്ല, മറിച്ച് കാലങ്ങളായി അവഗണിക്കപ്പെട്ട യുവജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പൊട്ടിത്തെറിച്ചതിന്റെ പ്രതിഫലനമായിരുന്നു ഈ പ്രതിഷേധങ്ങള്‍.

Also Read:

https://www.kalakaumudi.com/international/nepal-protests-are-intensifying-as-youth-demand-an-end-to-corruption-and-the-lifting-of-the-social-media-ban-10065177

വിപ്ലവം വിപ്ലവത്തെ തകര്‍ത്തു

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ നേതാവായിരുന്ന ഷെയ്ഖ് ഹസീന, ഇവരാണ് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു വിപ്ലവത്തിന് ഇരയായത്. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടി, രക്തസാക്ഷിത്വം വഹിച്ച ഒരു ജനതയുടെ വികാരങ്ങളെയാണ് ആ പാര്‍ട്ടി പ്രതിനിധാനം ചെയ്തത്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ അവാമി ലീഗ് സര്‍ക്കാര്‍ സ്വയം സ്വേച്ഛാധിപത്യപരമായി മാറി എന്ന ആരോപണം ശക്തമായി, യുവജനങ്ങള്‍ തെരുവിലിറങ്ങി. ഒരു വിപ്ലവത്തിന് ജന്മം നല്‍കിയ പാര്‍ട്ടി, മറ്റൊരു വിപ്ലവത്തിന്റെ ഇരയായി മാറിയെന്നത് ചരിത്രത്തിന്റെ ഒരു ക്രൂരമായ വിരോധാഭാസമാണ്.

നേപ്പാളില്‍, രാജവാഴ്ചയെ താഴെയിറക്കാന്‍ മുന്‍നിരയില്‍ നിന്ന കെ.പി. ശര്‍മ്മ ഒലി, ഇപ്പോള്‍ താന്‍ തന്നെ ഒരു ജനകീയ പ്രക്ഷോഭത്തിന് ഇരയായിരിക്കുന്നു. രാജവാഴ്ച തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ചില വിഭാഗങ്ങള്‍ ഇപ്പോഴുമുണ്ടെന്നിരിക്കെ, ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ജനരോഷത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ഭരണകൂടം തകര്‍ന്നടിഞ്ഞു.

യുവജനങ്ങളുടെ ശക്തി

ബംഗ്ലാദേശില്‍, ''വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ'' എന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ പോരാടി. അവര്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെ ധീരമായി നേരിട്ടു, നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അവര്‍ പിന്തിരിഞ്ഞില്ല. ആ രക്തസാക്ഷിത്വം അവരുടെ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. ഒടുവില്‍, അധികാരികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നു.

നേപ്പാളില്‍, സ്വയം ജെന്‍-സി എന്ന് വിശേഷിപ്പിച്ച ഒരു കൂട്ടം യുവജനങ്ങളാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭം, പിന്നീട് സര്‍ക്കാരിനെതിരായ വ്യാപകമായ പ്രതിഷേധമായി മാറി. ഈ സാഹചര്യത്തിലും, മരണങ്ങളും അടിച്ചമര്‍ത്തലുകളും അവരുടെ പോരാട്ടവീര്യത്തെ ശമിപ്പിച്ചില്ല, മറിച്ച് അത് ആളിക്കത്തിക്കുകയായിരുന്നു.

അവകാശങ്ങള്‍ക്കായുള്ള പോരാട്ടം

ബംഗ്ലാദേശിലെ പ്രതിഷേധത്തിന്റെ കാതല്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് ലഭിക്കുന്ന സംവരണത്തിനെതിരായ പോരാട്ടമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ജനിച്ച യുവജനങ്ങള്‍, ഈ സംവരണങ്ങള്‍ തങ്ങളുടെ തൊഴില്‍ അവസരങ്ങളെ ഇല്ലാതാക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. നീതി നിഷേധിക്കപ്പെട്ടപ്പോള്‍, അവര്‍ തെരുവിലിറങ്ങി.

നേപ്പാളില്‍, സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സമരം പിന്നീട് 'നെപ്പോകിഡ്സ്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി മാറിയതോടെ പുതിയ ദിശയിലേക്ക് മാറി. രാഷ്ട്രീയക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയും വ്യാപകമായ അഴിമതിയും ജനങ്ങളെ രോഷാകുലരാക്കി. സാധാരണക്കാര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുമ്പോള്‍, ഭരണാധികാരികള്‍ ആഡംബര ജീവിതം നയിക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന രോഷമായിരുന്നു ആ പ്രതിഷേധങ്ങളുടെ ശക്തി.

Also Read:

https://www.kalakaumudi.com/international/nepal-pm-kp-sharma-oli-resigns-amid-violent-gen-z-protest-10064736

അടിച്ചമര്‍ത്തലുകള്‍ വിപ്ലവത്തെ ശക്തിപ്പെടുത്തി

ബംഗ്ലാദേശില്‍, ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നടത്തിയ ശക്തമായ അടിച്ചമര്‍ത്തലില്‍ 1,500-ലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. പക്ഷേ, ഓരോ മരണവും പ്രക്ഷോഭത്തെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. അവസാനം, പ്രതിഷേധക്കാര്‍ അവരുടെ വസതിയിലേക്ക് ഇരച്ചുകയറിയപ്പോള്‍ അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.

ബംഗ്ലാദേശിലെയും നേപ്പാളിലെയും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ഒരു കാര്യമാണ്, അടിച്ചമര്‍ത്തലുകളിലൂടെയും ഏകാധിപത്യപരമായ നയങ്ങളിലൂടെയും ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. യുവജനങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും അവഗണിക്കുമ്പോള്‍, അത് വലിയൊരു സാമൂഹിക സ്‌ഫോടനത്തിന് വഴി തുറക്കും. ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുകയാണ്. അത് യുവത്വത്തിന്റെയും നീതിയുടെയും ശബ്ദമാണ്.

nepal